തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെ അധിക്ഷേപിച്ചുകൊണ്ട് കേരള സര്‍വകലാശാല സെനറ്റ് ഹൗസിന്റെ പ്രധാന കവാടത്തിന് കുറുകെ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ കെട്ടിയ ബാനര്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നമ്മേല്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
എല്ലാ കോളജ് കവാടത്തിന് മുന്നിലും ഗവണര്‍ക്കെതിരായ ബാനര്‍ കെട്ടുവാനുള്ള എസ്എഫ്‌ഐയുടെ ആഹ്വാനം അനുസരിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ ക്യാമ്പസിന്റെ പ്രധാന കവാടത്തിന് കുറുകെ ബാനര്‍ കെട്ടിയത്.
സര്‍വകലാശാല ക്യാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കവേയാണ് ബാനര്‍ പ്രദര്‍ശനം തുടരുന്നത്.
ബാനര്‍ ഇന്നലെയാണ് സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ കെട്ടിയതെങ്കിലും വിസി ഇന്ന് തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് ബാനര്‍ വിസിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബാനര്‍ മാറ്റാനുള്ള നിര്‍ദേശം രജിസ്ട്രാര്‍ക്ക് നല്‍കിയത്.
സര്‍വകലാശാലയുടെ തന്നെ പ്രതിച്ഛായയെ നശിപ്പിക്കുന്ന നിന്ദ്യമായ ബാനര്‍ ഉടനടി അഴിച്ച് മാറ്റാന്‍ നടപടിയെടുക്കണമെന്നാണ് വിസിയുടെ ഉത്തരവ്.