തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിക്കുന്നത് കലാപമാണെന്നും എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നുമുള്ള വിചിത്ര വാദവുമായി ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍.
കേന്ദ്രം യുവ തലമുറയെ വഴി തെറ്റിക്കുന്നതിന്റെ ഭാഗമാണ് സര്‍വകലാശാലയിലെ കാവിവല്‍ക്കരണം. പാഠ്യപദ്ധതികളില്‍ വര്‍ഗീയവല്‍ക്കരണം നടത്തുന്നു. ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. അതിനെതിരെയാണ് എസ്എഫ്‌ഐയുടെ പ്രതിഷേധമെന്നും അദേഹം പറഞ്ഞു.
ഭ്രാന്ത് പിടിച്ച നിലപാടാണ് ഗവര്‍ണറുടേത്. അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ല. മാനസിക നില ദുര്‍ബലമായ ആളെ പോലെയാണ് ഗവര്‍ണര്‍ സംസാരിക്കുന്നത്.
ഹല്‍വ തപ്പി നടക്കുന്ന ഗവര്‍ണര്‍ പരിഹാസ കഥാപാത്രമായി മാറി. ബോധപൂര്‍വം കലാപം ഉണ്ടാക്കാന്‍ ശ്രമമാണ് നടക്കുന്നത്. ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്തുവെന്നും ഇ.പി ജയരാജന്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷം ഗുണ്ടായിസത്തെ പിന്തുണയ്ക്കുകയും അത് കേരളമാകെ വ്യാപിപ്പിക്കുകയും ചെയ്യുന്നു. എണ്ണിയെണ്ണി കണക്ക് തീര്‍ക്കാന്‍ വരുമ്പോള്‍ തിരിച്ചടിക്കാന്‍ മറുഭാഗം ഉണ്ടാവും എന്ന് സതീശന്‍ ഓര്‍ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുള്ള ഇപിയുടെ മറുപടി. തല്ലാന്‍ വരുമ്പോള്‍ ഞങ്ങള്‍ പുറം കാണിച്ച് തരില്ല. സതീശന്‍ ഇരിക്കുന്ന സ്ഥാനം മനസിലാക്കി സംസാരിക്കണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.