പാലാ: കാര്‍ഷിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും റബറിന് 250 രൂപ ഉറപ്പാക്കണമെന്നും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ അഡ്വ. ബിജു പറയനിലം നയിക്കുന്ന അതിജീവന യാത്ര പാലായില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.
അപ്പം തരുന്ന അപ്പന്മാരാണ് കര്‍ഷകരെന്നും അവരെ അവഗണിച്ചാല്‍ സര്‍വ്വ നാശമാണ് ഫലമെന്നും ബിഷപ്പ് പറഞ്ഞു. മദ്യവും ലോട്ടറിയും വിറ്റ് മാത്രം ഒരു സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ ആവില്ലെന്നും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രം ഖജനാവ് നിറയ്ക്കാനാവുമെന്നും ജാഥാ ക്യാപ്റ്റന്‍ അഡ്വ. ബിജു പറയനിലം പറഞ്ഞു.
ഇനി ഒരു കര്‍ഷക ആത്മഹത്യയോ വന്യജീവി ആക്രമണമോ കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള നടപടികളാണ് നവ കേരള സദസുകളില്‍ ഉണ്ടാവേണ്ടതെന്ന് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍ പറഞ്ഞു.
രൂപതാ പ്രസിഡണ്ട് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ ജാഥ അംഗങ്ങളായ രാജേഷ് ജോണ്‍, ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, തോമസ് പീടികയില്‍, ബെന്നി ആന്റണി, ജോബി കാക്കശേരി, ടെസി ബിജു, ട്രീസാ സെബാസ്റ്റ്യന്‍, ജോര്‍ജ് കോയിക്കന്‍, പി.ടി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
രൂപതാ ഭാരവാഹികളായ ജോസ് വട്ടുകുളം, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, എം.എം ജേക്കബ്, സാജു അലക്‌സ്, സാബു പൂണ്ടികുളം ആന്‍സമ്മ സാബു, പയസ് കവളംമാക്കല്‍, ജോണ്‍സണ്‍ ചെറുവള്ളി, ബേബി ആലുങ്കല്‍, ഫ്രാന്‍സിസ് കരിമ്പാനി, ജോസ് മലയില്‍, രാജേഷ് പാറയില്‍, ബേബിച്ചന്‍ എടാട്ട്, സിന്ധു ബൈജു എന്നിവരും സംസാരിച്ചു.