'പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം': തലസ്ഥാനത്ത് ഇന്ന് കെ.എസ്.യു മാര്‍ച്ച്

 'പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം': തലസ്ഥാനത്ത് ഇന്ന് കെ.എസ്.യു മാര്‍ച്ച്

തിരുവനന്തപുരം: നവകേരള സദസ് പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് ഇന്ന് കെ.എസ്.യു മാര്‍ച്ച്. പൊലീസ് ആസ്ഥാനത്തേയ്ക്കാണ് മാര്‍ച്ച് നടത്തുന്നത്. രാവിലെ 10:30 നാണ് മാര്‍ച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന് എതിരെ നടപടി വേണമെന്നാവശ്യാപ്പെട്ടാണ് കെഎസ്യു മാര്‍ച്ച് നടത്തുന്നത്.

നവകേരള സദസ് യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ നവകേരള സദസിന്റെ ബാനറുകള്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജലപീരങ്കി പ്രയോഗിച്ചു. സമരത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.

പലവട്ടം നടത്തിയ ലാത്തിച്ചാര്‍ജില്‍ പലര്‍ക്കും പരിക്കേറ്റു. കാല്‍മുട്ടിന് പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം പൊലീസ് വലിച്ചുകീറി. രോഷാകുലരായ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി മുദ്രാവാക്യം മുഴക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ലാത്തിച്ചാര്‍ജ് ഉണ്ടായി.

ലാത്തിച്ചാര്‍ജ് നടത്തി പ്രവര്‍ത്തകരെ ഓടിച്ചശേഷം അറസ്റ്റുചെയ്തവരെ സായുധസേന ക്യാമ്പിലേക്ക് കൊണ്ടുപോയി. വനിതാ പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തലിന്റെ നേതൃത്വത്തില്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, എം. വിന്‍സെന്റ് എംഎല്‍എ തുടങ്ങിയ നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.