കാലിക്കറ്റ് സെനറ്റ് യോഗത്തിനിടെ കയ്യാങ്കളി ; ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെ എസ്.എഫ്.ഐക്കാര്‍ തടഞ്ഞു

കാലിക്കറ്റ് സെനറ്റ് യോഗത്തിനിടെ കയ്യാങ്കളി ; ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെ എസ്.എഫ്.ഐക്കാര്‍ തടഞ്ഞു

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗം നടക്കുന്ന ഹാളിന് പുറത്ത് എസ്.എഫ്.ഐ പ്രതിഷേധം. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത പുതിയ അംഗങ്ങളെ എസ്.എഫ്.ഐക്കാര്‍ തടഞ്ഞു. സംഘപരിവാര്‍ ബന്ധം ആരോപിച്ചാണ് പ്രതിഷേധം. പദ്മശ്രീ ജേതാവ് ബാലന്‍ പൂത്തേരി ഉള്‍പ്പെടെയുള്ള അംഗങ്ങളെയാണ് എസ്.എഫ്.ഐ തടഞ്ഞത്.

പുതിയതായി സര്‍വകലാശാല സെനറ്റിലേക്ക് 18 പേരെയാണ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത്. ഇവരില്‍ സി.പി.എം അനുകൂല സംഘടനകളുമായും യു.ഡി.എഫ് അനുകൂല സംഘടനകളുമായും ബന്ധമുള്ളവരുണ്ട്. ഇവരെയാരെയും ഹാളിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്നും എസ്.എഫ്.ഐ വിലക്കിയില്ല. എന്നാല്‍, ബാലന്‍ പൂത്തേരിയടക്കം അഞ്ച് പേരെ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

പ്രവീണ്‍കുമാര്‍, മനോജ് സി, ഹരീഷ് എ.വി, അഫ്‌സല്‍ ഗുരുക്കള്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇവരെ അകത്ത് പ്രവേശിപ്പിക്കാതെ സെനറ്റ് യോഗം പൂര്‍ത്തിയായി. സെനറ്റ് ഹാളിന് അകത്ത് കയറാനുള്ള രണ്ട് ഭാഗങ്ങളിലും പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തിരുന്നു. ഇവരെ ബലം പ്രയോഗിച്ച് നീക്കാനുള്ള പൊലീസ് ശ്രമം സ്ഥലത്ത് സംഘര്‍ഷത്തിന് വഴിവച്ചു. തുടര്‍ന്ന് എസ്.എഫ്.ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ രാവിലെ പതിനൊന്നോടെ സെനറ്റ് യോഗം പൂര്‍ത്തിയായി. അതിനിടെ ചില യു.ഡി.എഫ് പ്രതിനിധികളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. വിദ്യാര്‍ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകള്‍ കയ്യടിച്ച് പാസാക്കിയെന്ന് ഇവര്‍ അറിയിച്ചു. സംശയങ്ങള്‍ കേള്‍ക്കാന്‍ പോലും വിസി തയ്യാറായില്ലെന്ന് പി. അബ്ദുള്‍ ഹമീദ് എംഎല്‍എയും ആരോപിച്ചു. സംഘര്‍ഷങ്ങളിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് സെനറ്റ് നേരത്തെ അവസാനിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.