കൊച്ചി: നവകേരള സദസുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ പ്രതിഷേധക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയിലേക്ക്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവല്‍ കുര്യാക്കോസുമാണ് കേസ് നല്‍കുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അനില്‍, എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍ സന്ദീപ്, കണ്ടാലറിയുന്ന മറ്റ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ആലപ്പുഴ സൗത്ത് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നത്.
ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഉടന്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്ന് ഇരുവരും അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായുള്ള പ്രതിഷേധം തടയുമ്പോഴുള്ള സാധാരണ പൊലീസ് നടപടി മാത്രമായിരുന്നു പ്രവര്‍ത്തകര്‍ക്ക് നേരേയുണ്ടായ മര്‍ദനമെന്നാണ് ആലപ്പുഴ സൗത്ത് പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ഈ വിഷയത്തില്‍ താന്‍ വിഡിയോ ദൃശ്യങ്ങള്‍ കണ്ടില്ലെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പിണറായി വിജയന്‍ നല്‍കിയ മറുപടി.