തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്ന് മാര്‍ച്ച് സംഘടിപ്പിച്ചത്. കെ.പി.സി.സി ആസ്ഥാനത്തു നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
മാത്യൂ കുഴല്‍നാടന്‍ എം.എല്‍.എയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമായിരുന്നു സംഘര്‍ഷം. ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിരിഞ്ഞുപോകാന്‍ പ്രവര്‍ത്തകര്‍ തയ്യാറാവാതിരുന്നതോടെ പൊലീസ് ലാത്തി പ്രയോഗിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് ലാത്തി ചാര്‍ജില്‍ പരിക്കേറ്റു. ഇതിനിടെ പൊലീസിന് നേരെ കല്ലേറും ഉണ്ടായി.

പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതിലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി. ബാരിക്കേട് മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സ്ഥലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കവും സംഘര്‍ഷത്തിലേക്കെത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത് കൂടുതല്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ പേര് വാഴ സോമന്‍ എന്നാക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എംഎല്‍എയില്‍ നിന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയത്. പിണറായിയുടെ ജീവന്‍ രക്ഷാ സ്‌ക്വാഡിലെ അംഗമാണ് വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി സഖാവ് അര്‍ജുനനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.