മാഹി പള്ളിയെ ബസിലിക്കയായി ഉയര്‍ത്തി ഫ്രാന്‍സിസ് പാപ്പ; കോഴിക്കോട് രൂപതയ്ക്ക് ലഭിച്ച ശതാബ്ദി സമ്മാനമെന്ന് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍

മാഹി പള്ളിയെ ബസിലിക്കയായി ഉയര്‍ത്തി ഫ്രാന്‍സിസ് പാപ്പ; കോഴിക്കോട് രൂപതയ്ക്ക് ലഭിച്ച ശതാബ്ദി സമ്മാനമെന്ന് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍

മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രം വടക്കന്‍ കേരളത്തിലെ ഏക ബസിലിക്ക.

കോഴിക്കോട്: മലബാറിലെ പ്രശസ്തമായ മാഹി പള്ളി (മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രം) ബസിലിക്കയായി ഉയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. കോഴിക്കോട് രൂപത മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലാണ് ഇക്കാര്യമറിയിച്ചത്. ശതാബ്ദിയുടെ നിറവിലുള്ള കോഴിക്കോട് രൂപതയ്ക്ക് ലഭിച്ച അംഗീകാരവും ക്രിസ്മസ് സമ്മാനവുമായി ഇതിനെ സ്വീകരിക്കുന്നതായി അദേഹം പറഞ്ഞു.

വടക്കന്‍ കേരളത്തില്‍ ഇതുവരെയും ഒരു ദേവാലയം ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ല. മാര്‍പാപ്പയുടെ പ്രഖ്യാപനത്തോടെ മലബാറിലെ പ്രഥമ ബസിലിക്കയായി മാഹി പള്ളി അറിയപ്പെടും. തൃശൂര്‍ കഴിഞ്ഞാല്‍ വടക്കന്‍ കേരളത്തില്‍ ഒരു ബസിലിക്ക പോലും ഇല്ല.

ഒരു ദേവാലയത്തിന് ലഭിക്കുന്ന ശ്രേഷ്ഠ പദവിയാണ് ബസിലിക്ക. ആരാധനാക്രമം, കൂദാശകള്‍, ആഗോള സഭയ്ക്ക് ആ ഇടവക നല്‍കിയിട്ടുള്ള സംഭാവന, ദൈവവിളി, തീര്‍ത്ഥാടകരുടെ സന്ദര്‍ശനം, അരാധന ക്രമമനുസരിച്ച് നടത്തുന്ന തിരുനാളുകള്‍, ദേവാലയത്തിന്റെ പ്രശസ്തി, ദൗത്യം, പ്രാചീനത, അന്തസ്, ചരിത്രപരമായ മൂല്യം, പാരിഷ് കൗണ്‍സില്‍, മറ്റ് ഭക്ത സംഘടനകളുടെ പ്രവര്‍ത്തനം സണ്‍ഡേ സ്‌കൂള്‍ എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് ദേവാലയത്തെ മാര്‍പാപ്പ ബസിലിക്കയായി ഉയര്‍ത്തുന്നത്.

റോമന്‍ സഭയുമായും കത്തോലിക്കാ സഭയുടെ പരമാധികാരിയായ മാര്‍പാപ്പയുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ഇടവും സജീവമായ ആരാധനാ ക്രമത്തിന്റെ കേന്ദ്രവുമാണ് ബസിലിക്കകള്‍.

സെന്റ് പീറ്റേഴ്സ്, സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരി മേജര്‍, സെന്റ് പോള്‍ എന്നിങ്ങനെ ലോകത്ത് നാല് പ്രധാന മേജര്‍ ബസിലിക്കകളാണുള്ളത്. ഇവയെല്ലാം റോമിലുമാണ്. മറ്റെല്ലാ ബസിലിക്കകളും മൈനര്‍ ബസിലിക്കകളെന്നാണ് അറിയപ്പെടുന്നത്. ഇ പദവി നല്‍കുന്നതും മാര്‍പാപ്പയാണ്.

കേരളത്തിലെ അര്‍ത്തുങ്കല്‍ ബസിലിക്ക, വല്ലാര്‍പ്പാടം ബസിലിക്ക, തൃശൂര്‍ പുത്തന്‍പ്പള്ളി പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്ക എന്നിവയെല്ലാം മൈനര്‍ ബസിലിക്കകളാണ്.

ഒരു ദേവാലയം ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്ന മൂന്ന് അടയാളങ്ങള്‍ ഇനി മാഹി പള്ളിയില്‍ പ്രദര്‍ശിപ്പിക്കും.

1.കുട

പരമ്പരാഗത പേപ്പല്‍ നിറങ്ങളായ മഞ്ഞയും ചുവപ്പും വരകളാല്‍ രൂപകല്‍പന ചെയ്ത പട്ടുമേലാപ്പിന്റെ കുട മാര്‍പാപ്പയുടെ അധികാരത്തിന്റെ പ്രതീകമാണ്.

2.മണികള്‍

മാര്‍പാപ്പയുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കാന്‍ ബസിലിക്കയില്‍ ഒരു തൂണില്‍ ഘടിപ്പിച്ചിരിക്കുന്ന മണികള്‍ മധ്യ കാലഘട്ടത്തിലും നവോത്ഥാന കാലത്തും മാര്‍പാപ്പയുടെ ഘോഷ യാത്രകളില്‍ പരിശുദ്ധ പിതാവിന്റെ സാമിപ്യത്തെ കുറിച്ച് റോമിലെ ജനങ്ങളെ അറിയിക്കാന്‍ ഉപയോഗിച്ചിരുന്ന അടയാളമായിരുന്നു.

3.പേപ്പല്‍ കുരിശിന്റെ താക്കോലുകള്‍

മാര്‍പാപ്പയുടെ പ്രതീകമാണിത്. ക്രിസ്തു പത്രോസിന് നല്‍കിയ വാഗ്ദാനത്തെ ഇത് സൂചിപ്പിക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.