കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന് ലഭിച്ച ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വി.എന്‍ വാസവന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
വ്യക്തി പൂജ പാര്‍ട്ടിക്കില്ലെന്നും അതാണ് കാലങ്ങളായുള്ള പാര്‍ട്ടിയുടെ നിലപാടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. വി.എന്‍ വാസവന്റെ പ്രസ്താവനയെ കുറിച്ച് വാസവനോട് തന്നെ ചോദിക്കണം.
ജവഹര്‍ലാല്‍ നെഹ്റു ഒരിക്കല്‍ അമ്പലം പണിയാന്‍ പോകുന്നുവെന്ന് പറഞ്ഞു. എല്ലാവരും അത് കേട്ട് അത്ഭുതപ്പെട്ടു. എന്നാല്‍ നെഹ്റു ഉദ്ദേശിച്ചത് പൊതുമേഖല സ്ഥാപനങ്ങള്‍ ആയിരുന്നു.
വി.എന്‍ വാസവന്റെ പ്രസ്താവനയും അതുപോലെയാകാമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. അതേ സമയം യൂത്ത് കോണ്‍ഗ്രസ് ഇന്നലെ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് പേടിച്ചു പോയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരിഹാസം ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് വാസവന്‍ പിണറായി വിജയനെ ദൈവത്തിന്റെ വരദാനമെന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
ക്രിസ്റ്റോസ്റ്റം തിരുമേനിയെ ഉദ്ധരിച്ചാണ് താന്‍ അത്തരത്തില്‍ പറഞ്ഞതെന്നും സാംസ്‌കാരിക കേരളം പിണറായി വിജയനെ അങ്ങനെ ഓര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചതാണെന്നും വാസവന്‍ പറഞ്ഞു.