കൊച്ചി: സീറോ മലബാര്‍ സഭാ ഹയരാര്‍ക്കിയുടെ സ്ഥാപന ശതാബ്ദി അഭിമാനകരമായ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഓര്‍മയാണെന്ന് സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. ശതാബ്ദിവര്‍ഷ സമാപനത്തിന്റെ ഭാഗമായി സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നടന്ന കൃതജ്ഞതാ ബലിയ്ക്ക് ആമുഖ സന്ദേശം നല്‍കുകയായിരുന്നു അദേഹം.
1923 ഡിസംബര്‍ 21 ന് 'റൊമാനി പൊന്തിഫിച്ചെസ്' എന്ന തിരുവെഴുത്തുവഴി പതിനൊന്നാം പിയുസ് മാര്‍പാപ്പയാണ് സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചത്. എറണാകുളത്തെ അതിരൂപതാ പദവിയിലേയ്ക്കുയര്‍ത്തുകയും തൃശൂര്‍, ചങ്ങനാശേരി, കോട്ടയം എന്നിവയെ സാമന്ത രൂപതകളായി നിശ്ചയിക്കുകയും ചെയ്തുകൊണ്ട് മാര്‍പാപ്പ എടുത്ത ഈ തീരുമാനത്തെ തുടര്‍ന്ന് സഭയുടെ നാളിതുവരെയുള്ള വളര്‍ച്ച അത്ഭുതാവഹമാണെന്നും മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.
ഹയരാര്‍ക്കിയുടെ സ്ഥാപനത്തിലൂടെ ദൈവം നമ്മുടെ സഭയ്ക്ക് നല്‍കിയ അനുഗ്രഹങ്ങളെ നന്ദിയോടെ ഓര്‍ക്കുകയും ക്രിസ്തുവിലുള്ള വിശ്വാസത്തിലും സാര്‍വത്രിക സഭയുടെ കൂട്ടായ്മയിലും മുന്‍പോട്ട് പോകുവാനും ഈ ആഘോഷം നമ്മെ സഹായിക്കട്ടെയെന്ന് അദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഹയരാര്‍ക്കിയുടെ സ്ഥാപനം സീറോ മലബാര്‍ സഭയുടെ ആത്മാഭിമാനത്തിനും അത്ഭുതകരമായ വളര്‍ച്ചയ്ക്കും വഴിതെളിച്ചുവെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ വചന സന്ദേശത്തില്‍ പറഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ സിറില്‍ വാസില്‍, എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, മാര്‍ ടോണി നീലങ്കാവില്‍, ഫാ. തോമസ് ചാത്തംപറമ്പില്‍ സിഎംഐ, ഫാ. ജോണ്‍ കണ്ടത്തിന്‍കര വിസി, ഫാ. ജോജോ വരകുകാലായില്‍ സിഎസ്റ്റി, ഫാ. അഗസ്റ്റിന്‍ പായിക്കാട്ട് എംസിബിഎസ് ശുടങ്ങി 60 ഓളം വൈദികര്‍ സഹ കാര്‍മികരായിരുന്നു.
സമര്‍പ്പിത സമൂഹങ്ങളുടെ മേലധികാരികളും കൂരിയാ അംഗങ്ങളും സീറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍ നിന്നായി ക്ഷണിക്കപ്പെട്ട പ്രതിനിധികളും കൃതജ്ഞതാ ബലിയില്‍ പങ്കെടുത്തു.