തിരുവനന്തപുരം: നവകേരള സദസിന് നാളെ സമാപനം. തിരുവനന്തപുരം ജില്ലയില്‍ രണ്ടാം ദിവസമായ ഇന്ന് അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടക്കും.
കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ നവകേരള സദസിനെതിരായ പ്രതിപക്ഷ സമരവും ശക്തമാക്കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഇന്നുമുണ്ടാകുമെന്നാണ് അറിയുന്നത്.
വഴിനീളെ പ്രതിഷേധവും കരിങ്കൊടിയും കണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തെത്തിയത്. പ്രതിക്ഷേധിക്കാനെത്തിയവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് അടിച്ചൊതുക്കുന്ന കാഴ്ചയും പതിവായിരുന്നു.
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ത്തെ തുടര്‍ന്ന് കേസെടുത്തതില്‍ പേടിച്ചുപോയെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരിഹാസത്തിന് മുഖ്യമന്ത്രി ഇന്ന് മറുപടി പറഞ്ഞേക്കും. പിണറായിയുടെ ജല്‍പനങ്ങള്‍ക്കുള്ള മറുപടി നാളത്തെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ നവകേരള സദസുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍, വെഞ്ഞാറമൂട് ഭാഗങ്ങളില്‍ വ്യാപക സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീട് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി ഉയര്‍ന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആറ്റിങ്ങലില്‍ പ്രകടനം നടത്തി.