കാട്ടാക്കടയില്‍ നവകേരള ബസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം; 'ജീവന്‍ രക്ഷാപ്രവര്‍ത്തന'വുമായി ഡിവൈഎഫ്‌ഐ

കാട്ടാക്കടയില്‍ നവകേരള ബസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം; 'ജീവന്‍ രക്ഷാപ്രവര്‍ത്തന'വുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കാട്ടാക്കടയില്‍ നവകേരള ബസിന് മുന്നിലേക്ക് ചാടി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയും സംഘവും അരുവിക്കരയിലേക്ക് പോകുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായത്.

കടകളില്‍ ഒളിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ ബസ് അടുത്തെത്തിയപ്പോള്‍ പൊടുന്നനെ കരിങ്കൊടികളുമായി എത്തുകയായിരുന്നു. ഇരുപതിലധികം യൂത്ത് കോണ്‍ഗ്രസുകാരാണ് പ്രതിഷേധിച്ചത്.

ഇതു കണ്ടതോടെ നവകേരള ബസിനെ അനുഗമിച്ചിരുന്ന പൊലീസ് സംഘം പ്രതിഷേധക്കാരെ നേരിട്ടു. അതിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ ഡിവൈഎഫ്‌ഐക്കാരും രംഗത്തെത്തയതോടെ കൂട്ടയടിയായി. ഇരുപക്ഷത്തുമുള്ള ചിലര്‍ക്ക് കാര്യമായ തല്ലുകിട്ടി. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് പൊലീസ് രംഗം ശാന്തമാക്കിയത്.

അതിനിടെ പോലീസിന്റെ അകമ്പടി വാഹനമിടിച്ച് മാറാനല്ലൂര്‍ സ്വദേശിയായ ആന്‍ഷന്‍ ദാസിന് കാലിന് പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതേസമയം നവകേരള സദസിനെതിരെയുളള പ്രതിഷേധത്തിനിടെ ആറ്റിങ്ങലില്‍ വ്യാപക ആക്രമണമുണ്ടായി. യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പരസ്പരം വീടുകള്‍ ആക്രമിക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടു കയറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പിന്നാലെ ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.

ഇതോടെ പ്രദേശത്ത് കടുത്ത സംഘര്‍ഷാവസ്ഥയാണ്. ആക്രമണത്തില്‍ പ്രതിഷേധിച്ച് ആലംകോടും കരവാരം പഞ്ചായത്തിലും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.