അയോഗ്യനാക്കിയ ശേഷവും നിയമനം; കണ്ണൂര്‍ സര്‍വകലാശാല മുന്‍ വി.സി നടത്തിയ നിയമനങ്ങള്‍ക്ക് ഹൈക്കോടതി സ്റ്റേ

അയോഗ്യനാക്കിയ ശേഷവും നിയമനം; കണ്ണൂര്‍ സര്‍വകലാശാല മുന്‍ വി.സി നടത്തിയ നിയമനങ്ങള്‍ക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ മുന്‍ വി.സി നടത്തിയ നിയമനങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന നിയമനങ്ങളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് ഉത്തരവ്.

വിസി സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്ക് ഇന്റര്‍വ്യൂ നടത്താന്‍ മറ്റൊരു പ്രൊഫസറെ ചുമതലപ്പെടുത്തിയത് ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്റ്റേ. ഇന്റര്‍വ്യൂവില്‍ രണ്ടാം റാങ്ക് നേടിയ ഡോ. കെ.ബി ബിന്ദുവാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.

ഒന്നാം റാങ്ക് നല്‍കിയിട്ടുള്ള ഡോ. ടി.പി സുദീപിന്റെ ഗവേഷണ ഗൈഡായ ജെ.എന്‍.യു അധ്യാപകനെ വിഷയ വിദഗ്ധനായി നിയമിച്ചെന്നും മുന്‍ വിസിക്കെതിരെ ആരോപണമുണ്ട്. ഗോപിനാഥ് രവീന്ദ്രന്‍ നടത്തിയ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിലായിരുന്നു നിവേദനം നല്‍കിയത്. ഓണ്‍ലൈനായി നടത്തിയ ഇന്റര്‍വ്യൂകളില്‍ ദുരൂഹതയുണ്ടെന്ന് നിവേദനത്തില്‍ ആരോപിച്ചിരുന്നു.

പുനര്‍നിയമനത്തിന് ശേഷം മുന്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍ നടത്തിയ എല്ലാ നിയമനങ്ങളും പുനപരിശോധിക്കണമെന്നും ജ്യോഗ്രഫി അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കണമെന്നും അധ്യാപക നിയമനങ്ങള്‍ ഓണ്‍ലൈനായി നടത്തുന്ന രീതി തുടരരുതെന്നും ചാന്‍സലര്‍ക്കും കണ്ണൂര്‍ വി.സിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.