കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച്.
യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്.
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസിന് ഇന്ന് സമാപനം. കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ മാസം 18 ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് സമാപനം കുറിയ്ക്കുന്നത്.
ഔദ്യോഗിക സമാപന ദിവസമായ ഇന്ന് തിരുവനന്തപുരം ജില്ലയിലെ കോവളം, നേമം, കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുക. വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം.
സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റി വച്ച എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം ജനുവരി ഒന്ന്, രണ്ട് തിയതികളില്‍ പൂര്‍ത്തിയാക്കും.
നവകേരള സദസിന്റെ സമാപന ദിവസമായ ഇന്ന് കോണ്‍ഗ്രസും യുവ മോര്‍ച്ചയും ആഹ്വാനം ചെയ്തിട്ടുള്ള പ്രതിഷേധ പരിപാടികള്‍ കണക്കിലെടുത്ത് തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച് ഇന്ന് നടക്കും. പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് നിന്നാണ് മാര്‍ച്ച് തുടങ്ങുക.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചിനും ആഹ്വാനം ചെയ്തിട്ടുണ്ട്.