നവകേരള ബസിനെതിരായ ഷൂ ഏറ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു

നവകേരള ബസിനെതിരായ ഷൂ ഏറ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു

കൊച്ചി: നവകേരള ബസിന് നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരേ പോലീസ് കേസ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് എറണാകുളം ഓടക്കാലിയില്‍ കഴിഞ്ഞ ആഴ്ച്ചയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ് പ്രതിഷേധിച്ചത്.

ഇത് റിപ്പോര്‍ട്ട് ചെയ്ത ട്വിന്റി ഫോര്‍ ചാനലിലെ വനിത മാധ്യമ പ്രവര്‍ത്തക വിനീതയെ അഞ്ചാം പ്രതിയായാണ് കേസ് എടുത്തത്. പോലീസിന്റെ ഈ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. കേസിനെ നിയമപരമായി നേരിടുമെന്നും പോലീസിനുള്ളിലെ പുഴുക്കുത്തുകളെ തുറന്നു കാട്ടുമെന്നും ട്വിന്റി ഫോര്‍ ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ പ്രതികരിച്ചു.

കേസ് പിന്‍വലിച്ച് തെറ്റ് തിരുത്താന്‍ കേരള പോലീസ് തയ്യാറാകണമെന്നും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂണില്‍ മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ ഇതേ രീതിയില്‍ പോലീസ് കേസെടുത്തിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ പരാതിയെത്തുടര്‍ന്നായിരുന്നു. എന്നാല്‍ തെളിവില്ലാത്തതിനാല്‍ ഈ കേസ് തള്ളിപ്പോയി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.