തിരുവന്തപുരം: ഡിജിപി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലും കെ.എസ്.യു മാര്‍ച്ചിലും പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഇന്ന് ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസംഗം ആരംഭിച്ചപ്പോഴാണ് പൊലീസ് ടിയര്‍ ഗ്യാസ് പൊട്ടിച്ചത്. കെ.സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് ഇതേത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കെപിസിസി നേതാക്കള്‍ പിന്നീട് യോഗം ചേര്‍ന്നാണ് പ്രതിഷേധം സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.