കൊച്ചി: വിവാഹച്ചടങ്ങിന്റെ ആല്‍ബവും വീഡിയോയും നല്‍കാതെ ദമ്പതിമാരെ കബളിപ്പിച്ച ഫോട്ടോഗ്രാഫര്‍ 1.18 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. എറണാകുളത്തുള്ള ഫോട്ടോഗ്രാഫിക് സ്ഥാപനത്തിനെതിരെയാണ് നടപടി. കൃത്യം ഒരു മാസത്തിനുള്ളില്‍ തുക നല്‍കണമെന്നാണ് നിര്‍ദേശം.
ആലങ്ങാട് സ്വദേശികളായ അരുണ്‍ ജി. നായരും ഭാര്യ ശ്രുതിയുമാണ് സ്ഥാപനത്തിനെതിരെ പരാതി നല്‍കിയത്. പരാതിക്കാരുടെ വിവാഹം 2017 ഏപ്രില്‍ 16 നായിരുന്നു. മാട്രിമോണി ഡോട്ട് കോം എന്ന സ്ഥാപനത്തിനെതിരെയായിരുന്നു പരാതി. 58,500 രൂപയാണ് പരാതിക്കാര്‍ സ്ഥാപത്തിന് മുന്‍കൂറായി നല്‍കിയത്. ബാക്കി 6,000 രൂപ വീഡിയോയും ആല്‍ബവും കൈമാറുമ്പോള്‍ നല്‍കാമെന്നായിരുന്നു കരാര്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആല്‍ബവും വീഡിയോയും നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്.
ജീവിതത്തിലെ ഏറ്റവും പവിത്രമായ വിവാഹച്ചടങ്ങ് പകര്‍ത്താനായിരുന്നു ഹര്‍ജിക്കാര്‍ എതിര്‍കക്ഷിയെ സമീപിച്ചത്. എന്നാല്‍ ഇവര്‍ വാക്ക് പാലിച്ചില്ല. ഇതുമൂലം പരാതിക്കാര്‍ക്കുണ്ടായ മാനസിക വിഷമവും സാമ്പത്തിക ബുദ്ധിമുട്ടും കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കുന്നതിന് സ്ഥാപനത്തിന് ബാധ്യതയുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തുകയായിരുന്നു.
ഹര്‍ജിക്കാര്‍ മുന്‍കൂറായി നല്‍കിയ 58,500 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും നല്‍കണം. കോടതിച്ചെലവിനത്തില്‍ 10,000 രൂപയും ചേര്‍ത്താണ് 1,18,500 ഒരു മാസത്തിനകം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.