ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്തുമസ്

ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്തുമസ്

ശാന്തിയുടെയും സമാധനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുകയാണ്. ലോകം മുഴുവന്‍ സ്നേഹത്തിന്റയും അതിജീവനത്തിന്റേയും സന്ദേശം പകര്‍ന്നു നല്‍കി, ഉണ്ണി യേശുവിന്റെ ജനനത്തിന്റെ ഓര്‍മ്മയില്‍ ലോകമെങ്ങും ആഘോഷത്തിലാണ്.

സഹനത്തിന്റെയും ആദ്യ പാഠങ്ങള്‍ പറഞ്ഞുകൊണ്ടാണ് ദൈവ പുത്രന്റെ കാലി തൊഴുത്തിലെ ജനനം പോലും. ജാതിമത ചിന്തകള്‍ക്ക് അപ്പുറം ലോകം മുഴുവന്‍ യേശുദേവന്റെ ജനനത്തെ ക്രിസ്തുമസായി ആഘോഷിക്കുന്നു. സഹനത്തിന്റെയും എളിമയുടെയും ജീവിതം തന്നെയാണ് ക്രിസ്തുദേവന്‍ വിശ്വാസികള്‍ക്കും ലോകത്തിനും പകര്‍ന്നു നല്‍കിയത്. പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയും നക്ഷത്രവും ഒരുക്കി നാടും നഗരവും ആഘോഷ ലഹരിയിലാണ്.

പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലം. ക്രിസ്മസ് എന്നാല്‍ ആഘോഷത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കൂടി ആഘോഷമാണ്.

സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ യേശുവിന്റെ പുല്‍ക്കൂട്ടിലെ ജനനത്തിന്റെ ഓര്‍മ പുതുക്കി പള്ളികളിലും വീടുകളിലുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ആഴ്ചകള്‍ക്കു മുന്നേ ഒരുക്കിയിരുന്നു. രക്ഷകന്‍ പുല്‍ക്കൂട്ടില്‍ പിറന്ന വിവരമറിഞ്ഞ് ആദ്യമെത്തിയ ആട്ടിടയര്‍ക്ക് വഴികാട്ടിയായത് ആകാശത്തുദിച്ചുയര്‍ന്ന ദിവ്യ നക്ഷത്രമായിരുന്നു. ആ സ്മരണകളാണ് ക്രിസ്തുമസ് നാളുകളില്‍ വീടുകളില്‍ നക്ഷത്ര വിളക്കുകളായി പരിണമിച്ചത്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസമാണ് ക്രിസ്തുമസിന് പുല്‍ക്കൂടൊരുക്കാന്‍ കാരണമായത്.

പരസ്പരം പകയും വിദ്വേഷവുമായി സ്നേഹത്തിന്റെയും സഹനത്തിന്റെയും മഹത്വം പഴങ്കഥയാകുന്ന ഇക്കാലത്ത് ഇന്നത്തെ മനുഷ്യര്‍ ആ വലിയ ജീവിതത്തിന്റെ ചെറിയ പാഠങ്ങള്‍ എങ്കിലും ഉള്‍കൊള്ളേണ്ടത് കാലത്തിന്റെ തന്നെ അനിവാര്യതയായി മാറി യിരിക്കുന്നു. ലോക നന്മയ്ക്കായി ജന്മം കൊണ്ട ദൈവപുത്രന്റെ ജന്മദിനം നമുക്കും ഒരുമയോടെ ആഘോഷിക്കാം. ഏവര്‍ക്കും സീ ന്യൂസിന്റെ ക്രിസ്തുമസ് ആശംസകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.