തൃശൂര്‍: വയനാട്ടിലെ ആളെക്കൊല്ലി കടുവയ്ക്ക് 'രുദ്രന്‍' എന്ന് പേരിട്ടു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് കടുവ ഇപ്പോള്‍. കടുവയുടെ മുഖത്തെ മുറിവ് തുന്നിക്കെട്ടിയിരുന്നു. ഇതുണങ്ങാന്‍ മൂന്നാഴ്ച സമയമെടുക്കും. ഒരു ദിവസം അഞ്ച് കിലോ ബീഫാണ് നല്‍കുന്നത്. 13 വയസ് പ്രായമുള്ള കടുവയ്ക്ക് 200 കിലോയ്ക്കടുത്ത് തൂക്കമുണ്ട്.
വയനാട് വാകേരിയില്‍ ക്ഷീര കര്‍ഷകനായ പ്രജീഷിനെ പുല്ലരിയാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ വനം വകുപ്പ് പ്രജീഷിനെ ആക്രമിച്ച സ്ഥലത്തിനടുത്ത് നിന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയെ എത്തിച്ചത്.