അറബിക്കടലില്‍ ന്യൂനമര്‍ദ്ദം: ഇന്ന് മുതല്‍ ജനുവരി മൂന്ന് വരെ തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം: ഇന്ന് മുതല്‍ ജനുവരി മൂന്ന് വരെ തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്കന്‍ അറബിക്കടലില്‍ മധ്യഭാഗത്തായി ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍ കാറ്റിന്റെയും സ്വാധീനത്തില്‍ ഇന്ന് മുതല്‍ ജനുവരി മൂന്ന് വരെ തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും കന്യാകുമാരി തീരം അതിനോട് ചേര്‍ന്ന ഗള്‍ഫ് ഓഫ് മാന്നാര്‍, മാലിദ്വീപ് പ്രദേശം, തെക്ക് കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാ സമുദ്രം അതിനോട് ചേര്‍ന്നുള്ള ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

ജനുവരി ഒന്നിന് കന്യാകുമാരി തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും രണ്ടിനും മൂന്നിനും കന്യാകുമാരി തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

എന്നാല്‍ കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.