തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തിന് കത്ത്. നേമം റെയില്‍വേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്തെന്നും കൊച്ചുവേളിയുടേത് തിരുവനന്തപുരം നോര്‍ത്തെന്നുമാകും.
പേര് മാറ്റുന്നത് സംബന്ധിച്ച് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സംസ്ഥാനത്തിന് കത്ത് നല്‍കുകയും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്തിമ അനുമതി നല്‍കേണ്ടത്.
തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയില്‍വേ വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായി നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്റെ ഉപഗ്രഹ ടെര്‍മിനലുകളായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റം.