മാനന്തവാടി: നീലഗിരി മേഖലയിൽ വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മനുഷ്യജീവൻ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കുവാൻ കേന്ദ്ര സർക്കാർ തമിഴ്നാട് സർക്കാരിന് നിർദ്ദേശം നൽകണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ, നീലഗിരി പന്തല്ലൂരിൽ അച്ഛനോടൊപ്പം യാത്ര ചെയ്ത 3 വയസ്സുകാരി പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ നിസ്സഹായരായി നിൽക്കുകയാണ് പ്രദേശവാസികൾ. മനുഷ്യജീവന് വില കൽപ്പിക്കാതെ തുടരുന്ന വന്യജീവി സംരക്ഷണം തീർത്തും അപലപനീയമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത കുറ്റപ്പെടുത്തി.
തമിഴ്നാട്ടിലെ ബഫർ സോൺ പ്രദേശങ്ങളിൽ സംഭവിക്കുന്ന ഇത്തരത്തിലുള്ള മനുഷ്യഹത്യ കേരളത്തിലെ പ്രദേശങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണെന്നും, ആരും സുരക്ഷിതരല്ല എന്ന വാസ്തവം തിരിച്ചറിയണമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അഭിപ്രായപ്പെട്ടു.
കെ.സി.വൈ.എം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ അമ്പിളി സണ്ണി കുറുമ്പലാക്കട്ട്, ഡെലിസ് സൈമൺ വയലുങ്കൽ, ട്രഷറർ ജോബിൻ ജോയ് തുരുത്തേൽ, കോർഡിനേറ്റർ ജോബിൻ തടത്തിൽ, ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. ബെൻസി ജോസ് എസ് എച്ച് എന്നിവർ സംസാരിച്ചു.