വത്തിക്കാന്‍: യേശു യോഹന്നാനില്‍ നിന്ന് മാമ്മോദീസാ സ്വീകരിച്ചതിന്റെ ഓര്‍മയാചരിച്ച ഞായറാഴ്ച 16 കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. സിസ്‌റ്റൈന്‍ ചാപ്പലില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് പാപ്പ കുഞ്ഞുങ്ങളെ മാമ്മോദീസയിലൂടെ പുതുജീവനിലേക്ക് ആനയിച്ചത്.
നിര്‍മലതയോടും വിശുദ്ധിയോടും തുറന്ന ഹൃദയത്തോടും കൂടെ വിശ്വാസം സ്വീകരിക്കുന്ന ഈ കുരുന്നുകള്‍ ഏവര്‍ക്കും മഹത്തായ മാതൃകയാണ് നല്‍കുന്നതെന്ന് കുഞ്ഞുങ്ങളെ ചൂണ്ടിക്കാട്ടി മാര്‍പാപ്പ പറഞ്ഞു. അവര്‍ ശബ്ദിക്കുന്നില്ലായിരിക്കാം. എന്നാല്‍ അവര്‍ നിശബ്ദരായി തങ്ങളുടെ വിശ്വാസത്തിന് വലിയ സാക്ഷ്യമാണ് ഇവിടെ നല്‍കുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
കുട്ടികളുടെ ആത്മീയ മാതാപിതാക്കന്‍മാരായി എത്തിയവരോട്, നിങ്ങള്‍ കുട്ടികളെ വിശ്വാസത്തില്‍ വളര്‍ത്തുകയെന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും ഇത് മറ്റുള്ളവര്‍ക്ക് വലിയൊരു മാതൃകയാണ് നല്‍കുന്നതെന്നും പറഞ്ഞ പാപ്പ അവര്‍ക്ക് പ്രത്യേകമായി നന്ദിയും പറഞ്ഞു.
ക്രിസ്തീയ വിശ്വാസത്തില്‍ പുതിയൊരു ജീവിതം തുടങ്ങുന്ന ദിവസമാണ് മാമ്മോദീസയെന്നും അതുകൊണ്ട് തന്നെ ജന്മദിനം പോലെ മാമ്മോദീസാ ദിവസവും ആചരിക്കണമെന്നും കുട്ടികളെ അങ്ങനെ ആചരിക്കാന്‍ ശീലിപ്പിക്കണമെന്നും കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് പാപ്പ പറഞ്ഞു.
ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ പ്രതീകമായി കത്തിച്ച മെഴുകുതിരി മാതാപിതാക്കള്‍ക്ക് മാര്‍പാപ്പ നല്‍കി. ഈ വെളിച്ചം കെടാതെ സൂക്ഷിക്കണം. ജീവിതത്തില്‍ ദുഖവും നിരാശയും മറ്റ് ദുരിതങ്ങളും ആകുന്ന അന്ധകാരം ഉണ്ടാകുമ്പോള്‍ ഈ തിരിയുടെ വെളിച്ചത്തിലേക്ക് നോക്കി വിശ്വാസത്തില്‍ ആഴപ്പെടാനും മാര്‍പാപ്പ മാതാപിതാക്കളെ ഉദ്‌ബോധിപ്പിച്ചു.
കുട്ടികളുടെ മാതാപിതാക്കള്‍ക്കും ആത്മീയ മാതാപിതാക്കള്‍ക്കും ജപമാലയും നല്‍കിയ പാപ്പ എല്ലാ കുട്ടികളെയും പ്രത്യേകമായി ആശീര്‍വദിക്കാനും സമയം കണ്ടെത്തിയ പാപ്പ അവരുടെ മാതാപിതാക്കളോട് കുറച്ചു സമയം സംവദിക്കുകയും ചെയ്തു.
Watch Full Video