ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്: മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും ഹൈക്കോടതി നോട്ടീസ്

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്: മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ലോകായുക്ത വിധിക്കെതിരായ റിട്ട് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും മന്ത്രിമാര്‍ക്കും നോട്ടീസ് അയക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നല്‍കി.

ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ആര്‍.എസ് ശശികുമാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് നടപടി. മാനദണ്ഡങ്ങള്‍ ലംഘിച്ച് രാഷ്ട്രീയക്കാര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കിയെന്നായിരുന്നു പരാതി.

ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ആരോപണത്തില്‍ പരാതി നിലനില്‍ക്കില്ലെന്ന ലോകായുക്ത ഉത്തരവ് നിയമ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെ പതിനേഴ് മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും എതിര്‍ കക്ഷികളാക്കിയുള്ള ഹര്‍ജിയില്‍ ലോകായുക്ത രജിസ്ട്രാറെയും എതിര്‍ കക്ഷിയാക്കിയാണ് റിട്ട് ഫയല്‍ ചെയ്തിട്ടുള്ളത്.

ഒന്നാം പിണറായി സര്‍ക്കാരിലെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന ഹര്‍ജിയില്‍ എതിര്‍ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിച്ച് മറ്റുള്ളവര്‍ നിലവില്‍ മന്ത്രിമാരല്ല.

പണം അനുവദിച്ചതിലെ നടപടി ക്രമങ്ങളില്‍ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തിയ ലോകായുക്ത സെക്ഷന്‍ 14 പ്രകാരം ഡിക്ലറേഷന്‍ നല്‍കാനുള്ള തെളിവുകള്‍ ഇല്ലെന്നായിരുന്നു വ്യക്തമാക്കിയത്. പരാതി ലോകായുക്തയുടെ അധികാര പരിധിയിലേ വരില്ലെന്ന് പറഞ്ഞാണ് ഉപലോകായുക്തമാരായ ബാബു മാത്യു.പി ജോസഫും, ഹാറൂണ്‍ അല്‍ റഷീദും ഹര്‍ജി തള്ളിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.