ജാമ്യമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്

ജാമ്യമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 20 ന് നടന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ 22 വരെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയുടേതാണ് വിധി.

കോടതിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം നടത്തിയ വിദഗ്ധ മെഡിക്കല്‍ പരിശോധനയില്‍ രാഹുലിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ജാമ്യാപേക്ഷയിലുള്ള വാദത്തിനിടെ രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്ക് കോടതി നിര്‍ദേശം നല്‍കിയത്.

അടൂര്‍ മുണ്ടപ്പള്ളിയിലുള്ള വീട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. രാഹുലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. പ്രവര്‍ത്തകര്‍ ദേശീയപാതകളും വിവിധ പൊലീസ് സ്റ്റേഷനുകളും ഉപരോധിച്ച് അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു. പലയിടങ്ങളിലും സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു.

സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംഎല്‍എയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതികളായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.