പ്രധാനമന്ത്രി വീണ്ടും എത്തുന്നു; 16 ന് കൊച്ചിയില്‍ റോഡ് ഷോ, 17 ന് തൃശൂരില്‍

പ്രധാനമന്ത്രി വീണ്ടും എത്തുന്നു;  16 ന് കൊച്ചിയില്‍ റോഡ് ഷോ, 17 ന് തൃശൂരില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം വീണ്ടും കേരളത്തിലെത്തും. ജനുവരി 16, 17 തിയതികളിലാണ് മോഡി സംസ്ഥാനത്തെത്തുന്നത്. രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് സന്ദര്‍ശനം.

എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മോഡി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും. ജനുവരി 16 ന് എറണാകുളത്ത് റോഡ് ഷോ നടത്തും. 17 ന് ഗുരുവായൂരില്‍ ശക്തി കേന്ദ്രം ചുമതലക്കാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

16 ന് വൈകുന്നേരം അഞ്ചിന് കൊച്ചിയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കുന്ന മോഡി 17 ന് രാവിലെ ഗുരുവായൂരില്‍ എത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹ വിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. കൂടാതെ ക്ഷേത്ര ദര്‍ശനവും നടത്തും.

പിന്നീട് കൊച്ചിയില്‍ മടങ്ങിയെത്തി പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും സംബന്ധിച്ച ശേഷം വൈകുന്നേരത്തോടെ പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും.

ഇക്കഴിഞ്ഞ ജനുവരി മൂന്നിന് ബിജെപിയുടെ മഹിളാ സംഗമം ഉദ്ഘാടനം ചെയ്യാന്‍ അദേഹം തൃശൂരില്‍ എത്തിയിരുന്നു. 'സ്ത്രീ ശക്തി മോഡിക്കൊപ്പം' എന്ന പേരിലുള്ള പരിപാടിക്കായി തൃശൂരില്‍ എത്തിയ പ്രധാനമന്ത്രി റോഡ് ഷോയ്ക്ക് ശേഷമാണ് വേദിയിലെത്തിയത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.