തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക നിലനില്‍പ്പിന് നിര്‍ണായക സംഭാവന നല്‍കുന്ന പ്രവാസികളെ തഴഞ്ഞ് രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രവാസി ക്ഷേമത്തിനായി ഒന്നും തന്നെ ഇല്ല.
പ്രവാസികള്‍ക്കുള്ള രണ്ട് പദ്ധതികളുടെയും ബജറ്റ് വിഹിതത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറവാണ് വരുത്തിയിരിക്കുന്നത്. പ്രവാസികളുടെ സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിന് ആവിഷ്‌കരിച്ച എന്‍ഡിപിആര്‍ഇഎം പദ്ധതിയുടെയും 'സാന്ത്വന' പദ്ധതിയുടെയും വിഹിതത്തിലാണ് ഇത്തവണ വര്‍ധനയില്ലാത്തത്.
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിയായ 'കേരള ദി നോണ്‍ റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്' വഴിയുള്ള ക്ഷേമ പദ്ധതികളുടെയും ബജറ്റ് വിഹിതത്തില്‍ സര്‍ക്കാര്‍ ഇത്തവണ കുറവും വരുത്തി.
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിക്കായി ഇത്തവണ 44 കോടി രൂപ മാത്രമാണ് ബജറ്റില്‍ വകയിരുത്തിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. കഴിഞ്ഞ തവണ 50 കോടി വകയിരുത്തിയപ്പോള്‍ ഇത്തവണ ബജറ്റ് വിഹിതത്തില്‍ ആറ് കോടി കുറവ് വരുത്തി.
കുറഞ്ഞത് രണ്ട് വര്‍ഷക്കാലം വിദേശത്ത് ജോലി ചെയ്ത് മടങ്ങി വന്ന മലയാളികള്‍ക്ക് 50,000 രൂപ വരെ ചികിത്സ സഹായം, ഒരു ലക്ഷം രൂപ വരെ വിവാഹ ധന സഹായം, വൈകല്യമുള്ളവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10,000 രൂപ വരെ ധന സഹായം എന്നിങ്ങനെ ഒറ്റത്തവണ ധന സഹായം ലഭ്യമാക്കാനുള്ള 'സാന്ത്വന' പദ്ധതിക്ക് വേണ്ടി 33 കോടി രൂപ സര്‍ക്കാര്‍ മാറ്റി വെച്ചു. കഴിഞ്ഞ വര്‍ഷത്തിലെ ബജറ്റിലും 33 കോടി രൂപയായിരുന്നു വകയിരുത്തിയത്.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ത്താ വിതരണത്തിനും പ്രചാരണത്തിനുമായി 37.20 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. ഇതില്‍ പ്രസ് ഇന്‍ഫോര്‍മേഷന്‍ സര്‍വീസിനായി 3.59 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ പബ്ലിസിറ്റി, ഐടി, ഐഇസി സേവനങ്ങള്‍ക്കായി 4.12 കോടിയും വിഷ്വല്‍ കമ്യൂണിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒമ്പത് കോടി രൂപയും ഫീല്‍ഡ് പബ്ലിസിറ്റിക്കായി 8.30 കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി. പത്രപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായുള്ള വിഹിതം 50 ലക്ഷത്തില്‍ നിന്ന് 75 ലക്ഷം രൂപയായി ബജറ്റില്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്.