കോട്ടയം: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ ആരാധന തടസ്സപ്പെടുത്തിയതിനെ ചോദ്യം ചെയ്‌ത അസിസ്റ്റന്റ് വികാരി ഫാദർ ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താൻ ശ്രമിച്ച പശ്ചാത്തലത്തിൽ പാലാ രൂപതയിൽ ഞായറാഴ്ച പ്രാർത്ഥനാ ദിനമായി ആചരിക്കുവാൻ ആഹ്വാനം. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടാണ് ആഹ്വാനം നല്കിയിരിക്കുന്നത്.
കുറ്റക്കാരായവരെ അറസ്റ്റ് ചെയ്ത് എത്രയും വേഗം നിയമനടപടികൾക്ക് വിധേയരാക്കാൻ ബന്ധപ്പെട്ട അധികാരികൾ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. ഞായറാഴ്ച രൂപതയിലെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുർബാനയ്ക്കുശേഷം പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തേണ്ടതാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് നിർദ്ദേശിച്ചു. പ്രതിനിധി യോഗം ചേർന്ന് പ്രമേയം പാസാക്കണമെന്നും ആഹ്വാനമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് 20 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ 10 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ പാലാ ഡിവൈഎസ്‌പി ഓഫീസിൽ ഹാജരാക്കിയ ശേഷം പാലാ ജുവനൈൽ കോടതിയിലേക്ക് കൊണ്ടുപോകും. മറ്റുപ്രതികളെ ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കും. ആറ് പേർ അറസ്റ്റിലായതായി സൂചനയുണ്ടെങ്കിലും പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ വിശ്വസികൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഫാദർ ജോസഫ് ആറ്റുചാൽ
വെള്ളിയാഴ്ച ഉച്ചയോടെ പൂഞ്ഞാർ പള്ളിയിൽ ആരാധന നടന്നുകൊണ്ടിരിക്കേ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വാഹന അഭ്യാസപ്രകടനം നടത്തിയതിനെ ഫാദർ ജോസഫ് ആറ്റുചാലിൽ തടയുകയും അവരോട് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയായിരിന്നു ആക്രമണം. വൈദികനും പള്ളി അധികാരികൾക്കും നേരേ സംഘം അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിന് മുതിരുകയുമായിരിന്നു. പള്ളിയുടെ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ അമിത വേഗത്തിൽ കാർ ഓടിച്ച് വൈദികനെ ഇടിച്ച് വീഴ്ത്തി. വൈദികൻ പാലാ മാർ സ്ലീവ മെഡിസിറ്റിയിൽ ചികിത്സയിലാണ്.
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി ഫാദർ ജോസഫ് ആറ്റുചാലിനെതിരെ നടന്ന ആക്രമണം പ്രതിഷേധാർഹമാണെന്ന് കോട്ടയം എംപി തോമസ് ചാഴിക്കാടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പള്ളി കോമ്പൗണ്ടിൽ കയറി ആസൂത്രിതമായി ബഹളമുണ്ടാക്കുകയും അസിസ്റ്റന്റ് വികാരി ആറ്റു ചാലിലിനെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയും ചെയ്ത സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു. വൈദികനെ ആക്രമിച്ചതിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഷോൺ ജോർജ്ജ് ആവശ്യപ്പെട്ടു.
ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, മുൻ എംഎൽഎ പി.സി.ജോർജ് എന്നിവർ സ്ഥലത്തെത്തി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയും കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയും പാലാ രൂപതാ നേതൃയോഗവും പ്രതിഷേധിച്ചു.
കൂടുതൽ വായനയ്ക്ക്
പൂഞ്ഞാർ ഫൊറാന ദേവാലയത്തിൽ വൈദികനെ കാറിടിപ്പിച്ച് വീഴ്ത്തിയതിൽ വ്യാപക പ്രതിഷേധം; മാർ ജോസഫ് കല്ലറങ്ങാട്ട് പരിക്കേറ്റ വൈദികനെ ആശുപത്രിയിൽ സന്ദർശിച്ചു
പൂഞ്ഞാറില്‍ ആരാധന തടസപ്പെടുത്തി മുസ്ലീം യുവാക്കളുടെ ബൈക്ക് റൈസിങ്; ചോദ്യം ചെയ്ത വൈദികനെ വാഹനം ഇടിച്ചു വീഴ്ത്തി