വാളയാർ കേസ്: ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

വാളയാർ കേസ്: ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

പാലക്കാട്: വാളയാര്‍ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക്. ചൊവ്വാഴ്ച പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപമാണ് നിരാഹാര സമരം തുടങ്ങുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പാലക്കാട് പോക്സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ഇന്നലെ വിചാരണക്കോടതി പുനരന്വേഷണ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ സമരം.

അതേസമയം, പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം അഞ്ചു വരെ നീട്ടിയിട്ടുണ്ട്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നല്‍കിയ അപേക്ഷയിലാണ് കോടതി തീരുമാനമെടുത്തത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.