ജോഹനാസ്ബര്‍ഗ്: കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്നതിന് കൂടുതല്‍ പണം ഈടാക്കിയ ഹിന്ദു പുരോഹിതര്‍ക്കെതിരെ പരാതി. ദക്ഷിണാഫ്രിക്കയിലെ ഹിന്ദു ധര്‍മ്മ അസോസിയേഷനിലാണ് പുരോഹിതര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നത്.
രാജ്യത്ത് കോവിഡ് മൂലം ദിവസേന മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ ജനസാന്ദ്രത ഏറ്റവുമധികമുള്ള ജോഹനാസ്ബര്‍ഗിലാണ് സംസ്‌കാരത്തിന് അമിതമായി പണം ഈടാക്കുന്നതായി ആരോപണമുയര്‍ന്നത്. നഗരത്തില്‍ ശ്മശാന ജോലികള്‍ക്ക് ഡബിള്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായി. സംസ്‌കാരം നടത്താന്‍ 1200 റാന്‍ഡ് മുതല്‍ 2000 റാന്‍ഡ് വരെയാണ് ഈടാക്കുന്നത് അതായത് 5,700 മുതല്‍ പതിനായിരം രൂപ വരെ.
ഇത് ന്യായമല്ലെന്നും പുരോഹിതരുടെ ജോലി സേവനമായി തന്നെ തുടരണമെന്നുമാണ് ഹിന്ദു ധര്‍മ്മ അസോസിയേഷന്‍ അധികൃതര്‍ പറയുന്നത്. മരിച്ചവരുടെ കുടുംബത്തിന് എന്തെങ്കിലും സംഭാവന നല്‍കണമെന്നുണ്ടെങ്കില്‍ മാത്രം പുരോഹിതര്‍ക്ക് അത് വാങ്ങാമെന്നും അല്ലാത്തപക്ഷം പണം ഈടാക്കരുതെന്നുമാണ് അസോസിയേഷന്റെ നിര്‍ദേശം.
നിലവിലെ സാഹചര്യത്തില്‍ സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിച്ചും കര്‍മ്മങ്ങള്‍ നടത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുരോഹിതര്‍ സൂം അഥവാ വാട്സാപ്പ് മുഖാന്തരം കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാമെന്നാണ് നിര്‍ദേശം.