'രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന പരിഗണന അടിസ്ഥാനമാക്കി മാത്രം വോട്ട് ചെയ്യാന്‍ ക്രൈസ്തവര്‍ തയ്യാറാകണം'

'രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന പരിഗണന അടിസ്ഥാനമാക്കി മാത്രം വോട്ട് ചെയ്യാന്‍ ക്രൈസ്തവര്‍ തയ്യാറാകണം'

കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ക്രിസ്ത്യാനികള്‍ അവഗണിക്കപ്പെടുകയാണ്.നവ മാധ്യമങ്ങളിലും സഭാ വൃത്തങ്ങളിലും വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ നടത്തുന്ന ചര്‍ച്ചകളും പഠനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു തന്നെ ലഭിച്ച വിവരങ്ങളും ക്രിസ്ത്യന്‍ സമൂഹത്തിന്റെ ദയനീയമായ രാഷ്ട്രീയ പിന്നാക്കാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കേരളത്തിലെ അവഗണിക്കപ്പെട്ട ക്രിസ്ത്യന്‍ സമൂഹത്തിന് ശരിയായ പ്രാതിനിധ്യം നല്‍കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തികഞ്ഞ പരാജയമാണ്.

നാടിന്റെ വികസനത്തിനും സമാധാനത്തിനും വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ജീവിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ അര്‍ഹമായ സ്ഥാനവും ജനപ്രതിനിധിയാകാനുള്ള സാധ്യതയും പലപ്പോഴും നിഷേധിക്കപ്പെടുന്നു. കേരളത്തില്‍ കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും, ബിജെപിയുടെയും പേരില്‍ സമീപ ഭാവിയില്‍ ഒരു ക്രിസ്ത്യാനി രാജ്യസഭയിലേക്ക് വരാന്‍ സാധ്യതയില്ല.

രാജ്യസഭാ നാമ നിര്‍ദേശങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ പാര്‍ട്ടികള്‍ക്കും ക്രൈസ്തവ സമുദായത്തോട് അവഗണനയാണ്. അധികാരത്തിലെത്താന്‍ ക്രൈസ്തവര്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുകയും അത് പാലിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് മിക്ക പാര്‍ട്ടികളിലും കാണുന്നത്.

കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിലെ വ്യക്തികളെ ലോക്സഭയിലേക്കും രാജ്യസഭയിലേക്കും പരിഗണിക്കുന്നതില്‍ പാര്‍ട്ടികള്‍ വിമുഖത കാണിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അത് ദൃശ്യമായിരുന്നു. സാമൂഹ്യപ്രവര്‍ത്തനം, ശാസ്ത്രം, സാഹിത്യം തുടങ്ങിയ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ നിരവധി ക്രിസ്ത്യാനികള്‍ കേരളത്തിലുണ്ട്.

ക്രൈസ്തവ സമുദായത്തെ കേരളത്തിന്റെ മണ്ണില്‍ അടിച്ചമര്‍ത്തി ഇല്ലായ്മ ചെയ്യാനും ശിഥിലമാക്കാനുമാണ് ലക്ഷ്യമെങ്കില്‍ ഇനിയും നിശബ്ദത പാലിക്കാന്‍ ക്രൈസ്തവരെ കിട്ടില്ല. കേരളത്തിലെ ക്രൈസ്തവരെ കാലങ്ങളായി സ്ഥിരനിക്ഷേപമായി കണ്ട് അവഗണിക്കുന്നവര്‍ക്കുള്ള താക്കീതാകണം വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പ്.

ഒരുമിച്ചു നില്‍ക്കണമെന്ന ചിന്ത ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവ സമൂഹത്തോട് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന പരിഗണനയും സമീപനങ്ങളും അടിസ്ഥാനമാക്കി മാത്രം ലോക്സഭാ തിരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ക്രൈസ്തവര്‍ തയ്യാറാകണം.

ലേഖകന്‍: ടോണി ചിറ്റിലപ്പിള്ളി
അല്‍മായ ഫോറം സെക്രട്ടറി
സീറോ മലബാര്‍ സഭ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.