കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതിയും കസ്റ്റംസിന്റെ കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള എസിജെഎം കോടതിയുമാണ് ജാമ്യം നല്‍കിയത്.
ഡോളര്‍ കടത്ത് കേസില്‍ അറസ്റ്റിലായതിനാല്‍ ശിവശങ്കറിന് ഇപ്പോള്‍ ജയിലില്‍നിന്നു പുറത്തിറങ്ങാനാവില്ല. ഈ കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ 27 ന് പരിഗണിക്കും. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കര്‍. അറസ്റ്റിലായി 89 ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇനി ഇല്ലെന്നുമുള്ള ശിവശങ്കറിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കസ്റ്റംസ് കേസില്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ടതോടെയാണ് ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിച്ചത്.
വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നു കസ്റ്റംസ് കൊച്ചി അഡിഷണല്‍ സിജെഎം കോടതിയില്‍ അറിയിച്ചിട്ടുണ്ട്.