വാഷിങ്ടണ്‍: അമേരിക്കയുടെയും റഷ്യയുടെയും ഉപഗ്രഹങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്്. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭൗമാന്തരീക്ഷത്തെക്കുറിച്ച് പഠനം നടത്തുന്ന നാസയുടെ ടൈംഡ് ഉപഗ്രഹവും റഷ്യയുടെ പ്രവര്‍ത്തന രഹിതമായ ചാര ഉപഗ്രഹം കോസ്മോസ് 2221-ഉം തമ്മില്‍ ഏകദേശം 10 മീറ്റര്‍ മാത്രം അകലത്തില്‍ എത്തിയിരുന്നതായി നാസയുടെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററും മുന്‍ ബഹിരാകാശ സഞ്ചാരിയുമായ കേണല്‍ പാം മെല്‍റോയ് പറഞ്ഞു. 'തികച്ചും ഭീതി ജനകമായ സംഭവം' എന്നാണ് നാസ ഇതിനെ വിശേഷിപ്പിച്ചത്.
തന്നെയും നാസയിലെ എല്ലാ അംഗങ്ങളെയും ഈ സംഭവം അത്യധികം ഭയപ്പെടുത്തിയതായി കൊളറാഡോയില്‍ സ്പേസ് ഫൗണ്ടേഷന്‍സ് സ്പേസ് സിംപോസിയത്തില്‍ സംസാരിക്കവേ മെല്‍റോയ് പറഞ്ഞു. സഞ്ചാരപാതയില്‍ വ്യതിയാനം വരുത്താന്‍ പ്രയാസമുള്ള ഉപഗ്രഹങ്ങളായതിനാല്‍ ആശങ്കയും വര്‍ധിച്ചു. ഫെബ്രുവരി 28 നാണ് ഉപഗ്രഹങ്ങള്‍ അടുത്തു വന്നത്.

ഉപഗ്രഹങ്ങള്‍ കൂട്ടിയിടിച്ചിരുന്നെങ്കില്‍ ചിന്നിച്ചിതറുന്ന എണ്ണമറ്റ കഷണങ്ങള്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കിയേക്കുമായിരുന്നെന്നും അദേഹം പറഞ്ഞു. മണിക്കൂറില്‍ 10,000 മൈല്‍ വേഗതയില്‍ സഞ്ചരിച്ച്, ഒരുപക്ഷേ മറ്റൊരു ബഹിരാകാശ വാഹനത്തിലോ ഉപഗ്രഹത്തിലോ മറ്റോ തട്ടി ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ പ്രതീക്ഷിക്കുന്നതിലും ഭീകരമായേനെയെന്നും മെല്‍റോയ് പറഞ്ഞു.
അതേസമയം തങ്ങളുടെ ഭാഗത്തു നിന്ന് ഒരു എയര്‍ ലീക്ക് ഉണ്ടായതായി ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്റെ റഷ്യന്‍ വിഭാഗം സ്ഥിരീകരിച്ചു. സംഭവം വിദഗ്ധ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് റഷ്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ റോസ്‌കോസ്മോസ് അറിയിച്ചു.
ഈ വീഴ്ച മൂലം ബഹിരാകാശ കേന്ദ്രത്തിനോ അവിടെയുള്ള ശാസ്ത്രജ്ഞര്‍ക്കോ ഭീഷണിയില്ലെന്നും എത്രയും വേഗം വീഴ്ച പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റോസ്‌കോസ്മോസ് കൂട്ടിച്ചേര്‍ത്തു.