ലണ്ടന്‍: യു.കെയില്‍ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാരെ ഇമിഗ്രേഷന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. വിസ വ്യവസ്ഥകള്‍ ലംഘിച്ച കുറ്റത്തിന് ഒരു സ്ത്രീയുള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കേക്ക്, കിടക്ക ഫാക്ടറികളില്‍ ജോലി ചെയ്തുവരികയായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്. ഇംഗ്ലണ്ട് വെസ്റ്റ് മിഡ്ലാന്‍ഡ് മേഖലയിലെ കിടക്കനിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തുവന്ന ഏഴ് പേരും തൊട്ടടുത്ത കേക്ക് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന നാല് പേരുമാണ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായത്. ഒരു വീട്ടില്‍ ജോലിക്കു നിന്ന സ്ത്രീയും അറസ്റ്റിലായി. അറസ്റ്റിലായ നാലുപേരെ ഇന്ത്യയിലേക്കു നാടു കടത്തുന്നതിനായി തടങ്കലിലാക്കി.
എട്ടു പേരെ ഇമിഗ്രേഷന്‍ ഓഫീസില്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥയില്‍ ജാമ്യത്തില്‍വിട്ടു. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്കു നിര്‍ത്തിയ കുറ്റത്തിന് രണ്ട് കമ്പനികള്‍ക്കും വന്‍തുക പിഴ ചുമത്തിയേക്കും.