വാഷിങ്ടണ്‍: കാമുകിയുടെ സംഗീത പരിപാടി കാണാന്‍ സര്‍ക്കാരിന്റെ ജെറ്റ് വിമാനത്തില്‍ പറന്ന എഫ്ബിഐ ഡയറക്ടര്‍ വെട്ടിലായി.  ഇന്ത്യന്‍ വംശജനായ കാഷ് പട്ടേലാണ് സ്വകാര്യ ആവശ്യത്തിനായി അമേരിക്കന്‍  സര്‍ക്കാരിന്റെ ജെറ്റ് വിമാനം ഉപയോഗിച്ചത്.  നാഷ്വില്ലയില്‍ നടന്ന പരിപാടിക്കായാണ് നാല്‍പത്തഞ്ചുകാരനായ  കാഷ് പട്ടേല്‍ സര്‍ക്കാര്‍ വിമാനത്തില്‍ പോയത്.
മുന്‍ എഫ്ബിഐ ഏജന്റായ കൈല്‍ സെറാഫിനാണ് ഒരു പോഡ്കാസ്റ്റിലൂടെ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയത്. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കാഷ് പട്ടേലിന്റെ കാമുകിയുടെ സംഗീത പരിപാടി കാണാന്‍ 60 മില്യണ്‍ ഡോളര്‍ (ഏകദേശം 532 കോടി രൂപ) വിലയുള്ള ജെറ്റിലാണ് കാഷ് പട്ടേല്‍ പോയതെന്നാണ് കൈല്‍ ആരോപിക്കുന്നത്. 
ഒക്ടോബര്‍ 25ന് എഫ്ബിഐയുടെ ജെറ്റ് വിമാനം പുറപ്പെട്ട് ഏകദേശം 40 മിനിറ്റിന് ശേഷം പെന്‍സില്‍വാനിയയിലെ സ്റ്റേറ്റ് കോളേജിലെ വിമാനത്താവളത്തില്‍ ഇറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനാണ് (എഫ്എഎ) എഫ്ബിഐയുടെ ദേശീയ ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സര്‍ക്കാര്‍ വിമാനമാണെന്ന് കണ്ടെത്തിയത്.  അന്നേ ദിവസം കാഷ് പട്ടേല്‍ കാമുകിയോടൊപ്പം പരിപാടിയില്‍ നില്‍കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
സുരക്ഷാ കാരണങ്ങളാല്‍ എഫ്ബിഐ ഡയറക്ടര്‍ക്ക് ഔദ്യോഗിക വിമാനം ഉപയോഗിക്കാം. വ്യക്തിഗത ആവശ്യങ്ങള്‍ക്കാണ് യാത്രയെങ്കില്‍ ചെലവ് വാണിജ്യ നിരക്കില്‍ തിരികെ നല്‍കണമെന്നാണ് എഫ്ബിഐ ചട്ടം. കാഷ് പട്ടേല്‍ മുമ്പും സ്വകാര്യ യാത്രകള്‍ക്കായി സര്‍ക്കാര്‍ ജെറ്റ് ഉപയോഗിക്കുന്നതായി ആരോപണമുണ്ട്.