കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു

കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യന്‍ വംശജന്‍ കാനഡയില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു

എഡ്മോണ്ടണ്‍: കാറില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യന്‍ വംശജനായ ബിസിനസുകാരന്‍ കാനഡയില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. അര്‍വി സിങ് സാഗൂ (55) ആണ് മരിച്ചത്. ഒക്ടോബര്‍ 19 ന് എഡ്മോണ്ടണിലായിരുന്നു സംഭവം. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് കൈല്‍ പാപ്പിന്‍ (40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കാമുകിയുമൊത്ത് ഡിന്നറിനു ശേഷം കാറിനടുത്തെത്തിയ സാഗൂ ഒരാള്‍ തന്റെ കാറില്‍ മൂത്രമൊഴിക്കുന്നതു കണ്ടു. ഇത് ചോദ്യം ചെയ്തതോടെ ഇയാള്‍ പ്രകോപിതനാകുകയായിരുന്നു. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ തനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം എന്നായിരുന്നു ഇയാളുടെ മറുപടി.

തുടര്‍ന്ന് സാഗൂവിന്റെ അടുത്തേക്ക് വന്ന ഇയാള്‍ പ്രകോപനമൊന്നും കൂടാതെ തലയില്‍ ഇടിക്കുകയായിരുന്നുവെന്ന് സാഗൂവിന്റെ സഹോദരന്‍ പറഞ്ഞു. തുടര്‍ന്ന് കാമുകി അടിയന്തര സഹായത്തിനായി 911 ല്‍ വിളിച്ചു. പാരാമെഡിക്കലുകള്‍ എത്തിയപ്പോഴേക്കും അര്‍വി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ച് ദിവസത്തിനു ശേഷം മരണത്തിന് കീഴടങ്ങി.

കൈല്‍ പാപ്പിന്‍ എന്നയാളാണ് സാഗൂവിനെ ആക്രമിച്ചതെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് എഡ്മോണ്ടണ്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട സാഗൂവും പ്രതിയും പരിചയമുള്ളവരല്ലെന്ന് പൊലീസ് വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.