ഓസ്ട്രേലിയയിൽ 17കാരന്റെ മരണത്തിനിടയാക്കിയ ‘വാംഗർ’ എന്താണ്? ക്രിക്കറ്റ് പരിശീലനത്തിൽ ഇത് എങ്ങനെ ഉപയോ​ഗിക്കുന്നു

ഓസ്ട്രേലിയയിൽ 17കാരന്റെ മരണത്തിനിടയാക്കിയ ‘വാംഗർ’ എന്താണ്? ക്രിക്കറ്റ് പരിശീലനത്തിൽ ഇത് എങ്ങനെ ഉപയോ​ഗിക്കുന്നു

മെൽബൺ: ബെൻ ഓസ്റ്റിൻ എന്ന 17 കാരന്റെ അകാല മരണം ഓസ്‌ട്രേലിയൻ കായിക ലോകത്ത് സജീവ ചർച്ചയായിരിക്കുകയാണ്. ‘വാംഗർ’ ഉപയോഗിച്ചുള്ള പരിശീലനത്തിനിടെ ക്രിക്കറ്റ് ബോൾ കഴുത്തിൽ കൊണ്ടതിനെ തുടർന്നാണ് 17 വയസുകാരൻ ദാരുണമായി മരിച്ചത്. ഹെൽമറ്റ് ധരിച്ചിരുന്ന ബെൻ നെക്ക് ഗാർഡ് ധരിച്ചിരുന്നില്ല. ഇതാണ് ദുരന്തത്തിൻ്റെ ആക്കം കൂട്ടിയത്.

എന്താണ് വാംഗർ

ക്രിക്കറ്റ് പരിശീലകരും കളിക്കാരും ഉപയോഗിക്കുന്ന സൈഡ് ആം ബോൾ ത്രോവറിനെയാണ് വാംഗർ എന്ന് വിളിക്കുന്നത്. വളർത്തു നായകളെ കളിപ്പിക്കാനായി ഉപയോഗിക്കുന്ന വാംഗറിനോട് സമാനതയുള്ള ഉപകരണമാണ് ഇത്. ഇതിന്റെ മുൻഭാഗത്ത് ഒരു ക്രിക്കറ്റ് പന്ത് വയ്ക്കാനാവുന്ന തലത്തിലുള്ള മാറ്റം ക്രിക്കറ്റ് പരിശീലനത്തിനുള്ള വാംഗറിലുണ്ട്.

പ്രായമേറിയ കളിക്കാൻ പ്രായം കുറഞ്ഞവർക്ക് പരിശീലനം നൽകാനാണ് വാംഗർ സാധാരണമായി ഉപയോഗിക്കുന്നത്. മണിക്കൂറിൽ 88 കിലോമീറ്റർ വേഗം മുതൽ 136 കിലോമീറ്റർ വരെ വേഗത്തിൽ വാഗറിന്റെ സഹായത്തോടെ ബോൾ എറിയാൻ സാധിക്കും.

പരിശീലകരുടെ തോളുകൾക്ക് പരിക്കുകളുണ്ടാവുന്നത് കുറയ്ക്കാനാണ് വാംഗറുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. അനായാസമായി പരിശീലനം നൽകുന്നവർക്ക് ബോളുകൾ എറിഞ്ഞ് നൽകാനാവുമെന്നതിനാൽ നിരവധിപ്പേരാണ് പരിശീലന സമയത്ത് വാംഗറിന്റെ സഹായം തേടുന്നത്.

ബൗളിംഗ് മെഷീനേക്കാളും വളരേയേറെ വിലക്കുറവാണ് വാംഗറിന് എന്നതും പരിശീലകരെ ഇതിലേക്ക് ആകർഷിക്കാറുണ്ട്. ബോളറുടെ സ്ഥിരം ശൈലിയെ അതേപടി നിർത്താനും വാംഗർ സഹായിക്കും. എന്നാൽ അമിത വേഗതയിൽ ബോൾ തെറ്റായ സ്ഥലത്ത് വച്ച് റിലീസ് ചെയ്യുന്നത് അപകട സാധ്യത ഉള്ളതാണ്.

പത്ത് വർഷം മുൻപ് ഫിലിപ്പ് ജോയൽ ഹ്യൂസിന് നേരിട്ടതിന് സമാനമായ അപകടമാണ് 17കാരനും സംഭവിച്ചത്. 2014 ൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായിരുന്ന ഫിലിപ്പ് ജോയൽ ഹ്യൂസ് മത്സരത്തിനിടെ ബാറ്റ് ചെയ്യുമ്പോൾ കഴുത്തിൽ ബോൾ കൊണ്ടതിനെ തുടർന്ന് മരണപ്പെട്ട സംഭവം വലിയ ചർച്ചയായിരുന്നു. ഈ ദുരന്തത്തിന് പിന്നാലെ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രൊട്ടക്റ്റീവ് ഗിയറുകളിലും മാറ്റങ്ങൾ വന്നിരുന്നു.

നൂറിലേറെ ക്രിക്കറ്റ് ടൂർണമെൻ്റുകളിൽ പങ്കെടുത്ത ബഹുമുഖ പ്രതിഭയായിരുന്ന ബെൻ ഓസ്റ്റിൻ മികച്ച ഒരു ഫുട്ബോളർ കൂടിയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.