'പത്ത് വര്‍ഷം അധികാരത്തിലിരുന്നിട്ട് നിങ്ങളെന്ത് ചെയ്തു'; കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞ് വോട്ട് ചോദിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

 'പത്ത് വര്‍ഷം അധികാരത്തിലിരുന്നിട്ട് നിങ്ങളെന്ത് ചെയ്തു'; കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞ് വോട്ട് ചോദിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

രാംനഗര്‍: സ്വന്തമെന്ന് പറയാന്‍ വികസന നേട്ടങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ടാണ് ബിജെപി ഇപ്പോഴും കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞ് വോട്ട് നേടാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ പത്ത് വര്‍ഷമായി അധികാരത്തിലിരുന്നിട്ട് ബിജെപി രാജ്യത്തിനായി എന്തൊക്കെ ചെയ്തു എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

ഉത്തരാഖണ്ഡിലെ രാംനഗറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇനിയും എത്രകാലം നിങ്ങള്‍ കോണ്‍ഗ്രസിനെ കുറ്റം പറയും. വലിയ ഭൂരിപക്ഷത്തോടെ ബിജെപിയാണ് കഴിഞ്ഞ പത്ത് അധികാരത്തിലുള്ളത്. എന്നിട്ടിപ്പോള്‍ പറയുന്നത് അവര്‍ക്ക് 400 സീറ്റിന്റെ ഭൂരിപക്ഷം വേണമെന്നാണ്. 75 വര്‍ഷങ്ങളായി രാജ്യത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നാണ് ബിജെപി പറയുന്നത്. കഴിഞ്ഞ പത്ത് കൊല്ലമായി അവര്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നതെന്ന് ഒന്ന് പറഞ്ഞുതരാമോയെന്നും പ്രിയങ്ക ചോദിച്ചു.

ജവഹര്‍ലാല്‍ നെഹ്റുവിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായാണ് രാജ്യത്ത് ഐ.ഐ.ടി, ഐ.ഐ.എം, എയിംസ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായത്. 1950 കളില്‍ നെഹ്റു മുന്‍കൈയെടുത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമല്ല ബഹിരാകാശ പഠനങ്ങള്‍ക്കും അദേഹം നല്‍കിയ പിന്തുണ ചെറുതല്ല. അതിനെ പിന്‍പറ്റിയാണ് ചന്ദ്രയാന്‍ ദൗത്യത്തിലടക്കം നാം വിജയിച്ചതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി മോദി വാക്കാല്‍ പറയുന്നതല്ല മറിച്ച് നമ്മുടെ മുന്നിലുള്ള പണപ്പെരുപ്പവും അഴിമതിയും ഉത്തരക്കടലാസ് ചോര്‍ച്ചയുമൊക്കെയാണ് യാഥാര്‍ത്ഥ്യങ്ങള്‍. അത് ഇനിയെങ്കിലും ജനങ്ങള്‍ തിരിച്ചറിയണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.