സിഡ്നി: ബോണ്ടി ബീച്ചിൽ നടന്ന കൂട്ടക്കൊലക്കിടെ ജീവൻ നഷ്ടമായ മാറ്റിൽഡ പോൾട്ടാവ്‌ചെങ്കോ ഇനി ഓർമ്മകളുടെ ലോകത്ത് മാലാഖയായി ജീവിക്കും. സിഡ്‌നി കൂട്ടക്കൊലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരയായ 10 വയസുകാരി മറ്റിൽഡയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുമ്പോൾ വിങ്ങലടക്കാനാവാതെ ഒരു രാജ്യം മുഴുവൻ ശ്വാസമടക്കി നിന്നു.
മറ്റിൽഡയ്ക്ക് ഏറെ പ്രിയപ്പെട്ട വെളുത്ത പൂക്കളാൽ പൊതിഞ്ഞായിരുന്നു ആ കുരുന്നു പെട്ടി ദേവാലയത്തിലേക്ക് എത്തിച്ചത്. ഉറ്റവരും ഉടയവരും മറ്റിൽഡയുടെ കളിക്കൂട്ടുകാരും പൂക്കളുമായി എത്തിയപ്പോൾ കല്ലായ മനസുകളെപ്പോലും ഈറനണിയിക്കുന്ന കാഴ്ചയായിരുന്നു അത്. "ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചമായിരുന്നു അവൾ, ആ വെളിച്ചമാണ് അക്രമി കെടുത്തിക്കളഞ്ഞത്" - മറ്റിൽഡയുടെ മാതാപിതാക്കളുടെ വാക്കുകൾ ഒരു തേങ്ങലായി പടർന്നു.
ഹനൂക്കോ ആഘോഷത്തിന്റെ സന്തോഷങ്ങൾക്കിടയിലേക്കാണ് മരണം വെടിയുണ്ടയുടെ രൂപത്തിൽ എത്തിയത്. അച്ഛന്റെ കൈപിടിച്ച് നടക്കുമ്പോഴായിരുന്നു ആ ക്രൂരത മറ്റിൽഡയുടെ ജീവനെടുത്തത്. അവളുടെ സ്കൂൾ ബാഗും പാതിവഴിയിൽ നിലച്ച പാഠപുസ്തകങ്ങളും ഇന്ന് ഒരു നോവായി അവശേഷിക്കുന്നു. മാറ്റിൽഡയുടെ പുഞ്ചിരി ഇനി ക്ലാസ് മുറികളിലുണ്ടാകില്ല എന്ന് പറയുമ്പോൾ അധ്യാപകരുടെ വാക്കുകൾ ഇടറി.
ആയിരക്കണക്കിന് ആളുകളാണ് മറ്റിൽഡയ്ക്ക് അന്ത്യയാത്ര നൽകാൻ ബോണ്ടി ബീച്ചിന് സമീപം ഒത്തുകൂടിയത്. കറുത്ത വസ്ത്രമണിഞ്ഞ്, കയ്യിൽ മെഴുകുതിരികളുമായി അവർ നിശബ്ദരായി നിന്നു. ഈ നിഷ്കളങ്ക രക്തം പാഴാകില്ലെന്നും തോക്കുകളില്ലാത്ത ഒരു ലോകത്തിനായി തങ്ങൾ പോരാടുമെന്നും സിഡ്‌നി നിവാസികൾ പ്രതിജ്ഞ എടുത്തു. ചടങ്ങിന് ശേഷം ബീച്ചിൽ ജനങ്ങൾ ഒത്തുചേർന്ന് പ്രാർത്ഥനകൾ നടത്തി.
ഈ പിഞ്ചുകുഞ്ഞിന്റെ വിയോഗം ഓസ്‌ട്രേലിയൻ ജനതയ്ക്കിടയിൽ വലിയ തോതിലുള്ള പ്രതിഷേധത്തിനും മാറ്റങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. തോക്ക് നിയന്ത്രണ നിയമങ്ങൾ കൂടുതൽ കർശനമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്.