ടെഹ്റാന്‍: വിലക്കയറ്റത്തിനും സ്വേച്ഛാധിപത്യ ഭരണത്തിനുമെതിരെ തെരുവിലിറങ്ങിയ പൊതുജനങ്ങളുടെ രോഷത്തിനും അമേരിക്കയുടെ കര്‍ശനമായ മുന്നറിയിപ്പിനും ഇടയില്‍ പ്രതിസന്ധിയിലായി ഇറാന്‍ ഭരണകൂടം.
പ്രക്ഷോഭം തുടരുകയും പ്രക്ഷോഭകാരികളെ പതിവ് രീതിയില്‍ തെരുവില്‍ നേരിടുകയും ചെയ്താല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പനുസരിച്ച് അമേരിക്കയുടെ ഇടപെടലുണ്ടായാല്‍ നിലവിലുള്ള അവസ്ഥ അപകടകരമാകുമെന്നതാണ് ഇറാന്‍ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.
ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് ജൂണില്‍ നടത്തിയ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ വഷളായിട്ടുണ്ട്. അതിനിടെയാണ് പൊതുജനം ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങിയത്.
വെനസ്വേലയിലെ യു.എസ് നടപടിക്ക് ശേഷം 'ട്രംപിന്റെ ആക്രമണോത്സുക വിദേശനയത്തിന്റെ അടുത്ത ഇര' ഇറാന്‍ ആയേക്കാമെന്ന് അധികൃതര്‍ ഭയപ്പെടുന്നുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് ചൂണ്ടിക്കാട്ടുന്നു.
വര്‍ഷങ്ങളായി അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികളുടെ ഉപരോധങ്ങളാല്‍ തകര്‍ന്ന അവസ്ഥയിലാണ് ഇറാന്റെ സമ്പദ് വ്യവസ്ഥ. കൂടാതെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ സൈനികരും സാധാരണക്കാരുമുള്‍പ്പെടെ ആയിരത്തിലേറെപ്പേര്‍ കൊല്ലപ്പെടുകയും അതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആണവ കേന്ദ്രങ്ങള്‍ക്കും കാര്യമായ തകരാറുകള്‍ സംഭവിച്ചു. ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന്‍ അവസാനിപ്പിച്ചതായുള്ള വാര്‍ത്തയും പുറത്തു വന്നിരുന്നു.
ഭരണകൂടത്തിനെതിരേ ഇപ്പോള്‍ നടക്കുന്ന പ്രതിധേഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തിനിറങ്ങിയവരെ ഇറാന്‍ ഭരണകൂടം ആക്രമിക്കുകയാണെങ്കില്‍ തങ്ങള്‍ ഇടപെടുമെന്ന അമേരിക്കയുടെ ഭീഷണിക്കു മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും കലാപകാരികളെ ഒതുക്കി നിര്‍ത്താന്‍ അറിയാമെന്നുമായിലുന്നു ഖൊമേനിയുടെ പ്രതികരണം.
'ഏകാധിപതിക്ക് മരണം' എന്ന മുദ്രാവാക്യം വിളിച്ചാണ് തെരുവില്‍ ചിലര്‍ പ്രതിഷേധിക്കുന്നത്. 2022 അവസാനം ഹിജാബ് വിഷയത്തില്‍ കുര്‍ദ് വനിത മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ദേശീയ പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഇറാന്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.