സിഡ്നി: യഹൂദരുടെ ഹനൂക്കോ ആഘോഷത്തിനിടെ സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ 15 പേരെ വെടിവെച്ചു കൊന്ന തീവ്രവാദികളില്‍ ഒരാളെ കീഴ്പ്പെടുത്തി ലോകത്തിന്റെ ആദരം നേടിയ അഹമ്മദ് അല്‍ അഹമ്മദിനു പിന്നാലെ മറ്റൊരു തീവ്രവാദിയെ കീഴടക്കിയ ഇന്ത്യന്‍ വംശജനും ജനങ്ങള്‍ക്കിടയില്‍ ഹീറോയായി.
ന്യൂസിലാന്‍ഡില്‍ ജനിച്ച ഇന്ത്യന്‍ വംശജന്‍ അമന്‍ദീപ് സിങ് ബോലയാണ് നിരപരാധികള്‍ക്ക് നേരെ നിര്‍ദയം വെടിവെച്ച സാജിദ് അക്രമിനെ കീഴ്പ്പെടുത്താന്‍ പൊലീസിനെ സഹായിച്ചത്.
ബോണ്ടി ബീച്ചില്‍ കെബാബ് കഴിച്ചിരിക്കുമ്പോഴാണ് വെടിശബ്ദം അമന്‍ദീപ് കേട്ടത്. ആളുകള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുന്നതും കണ്ടു. ബീച്ചില്‍ നിന്ന് പുറത്തു കടക്കുന്നതിനു പകരം അമന്‍ദീപ് തീവ്രവാദികള്‍ വെടിവെക്കുന്ന സ്ഥലത്തേക്കാണ് പാഞ്ഞത്.
ഈ സമയത്ത് നടപ്പാലത്തില്‍ നിന്ന് ബീച്ചിലെ ആളുകള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു സാജിദ് അക്രം. പിന്നിലൂടെ ഓടിയെത്തിയ അമന്‍ദീപ് ഇയാളുടെ മേലേക്കു ചാടി വീഴുകയായിരുന്നു. ഓടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ അയാളെ വിടരുതെന്ന് അമന്‍ദീപിനോടു പറഞ്ഞു.
ഇതിനിടയില്‍ സാജിദിന് നേരെ പോലീസ് വെടിയുതിര്‍ത്തിരുന്നു. തറയില്‍ വീഴ്ത്തി കീഴ്പ്പെടുത്തുന്നതിനിടയില്‍ ഇയാള്‍ അന്ത്യശ്വാസം വലിച്ചതായി അമന്‍ദീപ് എസ്ബിഎസ് ന്യൂസിനോടു പറഞ്ഞു.
'ഞാന്‍ മസാല സോസോടെ ഒരു കബാബ് കഴിച്ചയുടനെയാണ് ഓടുന്നത്. ഓടിയതിന്റെ ക്ഷീണം കൊണ്ടും അക്രമിയെ കീഴ്പ്പെടുത്തിയതുകൊണ്ടും ഞാന്‍ അവശനായി. കുറച്ചു നേരം അവിടെത്തന്നെ കിടന്നു.
അക്രമത്തിനു ശേഷം നന്നായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. അവരെ ഉടന്‍ തന്നെ പിടികൂടിയതിലും കൂടുതല്‍ ആളുകള്‍ക്ക് മരണം സംഭവിക്കാത്തതിലും ഞാന്‍ സന്തോഷവാനാണ്'- അമന്‍ദീപ് പറഞ്ഞു.
ഡിസംബര്‍ 14 ന് ബീച്ചില്‍ നടന്ന ജൂത ഉത്സവത്തില്‍ ഇരച്ചുകയറിയ ഇന്ത്യന്‍ വംശജന്‍ സാജിദ് അക്രമും മകന്‍ നവീദ് അക്രമും ആളുകള്‍ക്കിടയിലേക്ക് തുരുതുരാ വെടി വെക്കുകയായിരുന്നു. സംഭവത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 40 പേര്‍ക്ക് പരിക്കേറ്റു.
സാജിദ് പൊലീസിന്റെ വെടിയേറ്റു മരിച്ചെങ്കിലും നവീദ് പൊലീസിന്റെ പിടിയിലായി. ഹൈദരാബാദില്‍ നിന്നുള്ള സാജിദ് അക്രം 27 വര്‍ഷം മുന്‍പാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്.