വത്തിക്കാൻ സിറ്റി : ആഗോളതലത്തിൽ വർദ്ധിച്ചു വരുന്ന യഹൂദ വിരുദ്ധ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ലിയോ മാർപാപ്പ. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പാപ്പ സഭയുടെ നിലപാട് വ്യക്തമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യഹൂദ സമൂഹത്തിന് നേരെ ഉണ്ടാകുന്ന വിദ്വേഷ നടപടികളിൽ പാപ്പ ആശങ്ക രേഖപ്പെടുത്തി.
മിഡിൽ ഈസ്റ്റിലെ നിലവിലെ അശാന്തമായ സാഹചര്യങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായുള്ള നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമായി തുടരണമെന്ന് പാപ്പ അഭ്യർത്ഥിച്ചു. സംഘർഷം മൂലം സാധാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളിൽ അദ്ദേഹം അഗാധമായ ദുഖം രേഖപ്പെടുത്തി.
യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത പാപ്പ പ്രസിഡന്റ് ഹെർസോഗിന്റെ ശ്രദ്ധയിൽപെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും സഹായം അർഹരായവരിലേക്ക് നേരിട്ടെത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ സെപ്റ്റംബർ നാലിന് പ്രസിഡന്റ് ഹെർസോഗ് വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ വീണ്ടും ആശയ വിനിമയം നടത്തിയത്. യഹൂദ സമൂഹത്തിന് നേരെയുള്ള അക്രമങ്ങൾ ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും സഭ എന്നും ഇരകൾക്കൊപ്പം നിൽക്കുമെന്നും വത്തിക്കാൻ വക്താക്കൾ അറിയിച്ചു.