തിരുവനന്തപുരം: മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. 180 ലധികം വിഖ്യാത ചലച്ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ഇത്തവണത്തെ മേള. സിനിമ ചര്‍ച്ചകള്‍ക്കൊപ്പം വിവാദങ്ങളും മേളയുടെ ഭാഗമായിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മേളയായി ഈ വര്‍ഷത്തെ മേള മാറി.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 സിനിമകളാണ് ഇത്തവണ കൂടുതലായി പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിലെ 16 ലധികം തിയറ്ററുകളിലായാണ് ഇത്തവണ വേദിയൊരുങ്ങിയത്. മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം വിഖ്യാത ആഫ്രിക്കന്‍ ചലച്ചിത്രകാരന് സമ്മാനിച്ചു.
ചിന്തിക്കാനും ചോദിക്കാനും പ്രേക്ഷകരെ സജ്ജമാക്കുന്ന തരത്തിലുള്ള മികച്ച ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്തതെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍പേഴ്‌സണ്‍ റസൂല്‍ പൂക്കുട്ടി സമാപന സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം വ്യക്തമായ രാഷ്ട്രീയ നിലപാടുകൊണ്ട് ലോകത്തിലെ ശ്രദ്ധേയമായ ചലച്ചിത്രമേളയായി ഐഎഫ്എഫ്‌കെ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിജീവനത്തിനായി പൊരുതുന്ന മൂന്നാം ലോക രാജ്യങ്ങളിലെ സിനിമകള്‍ക്കാണ് മേളയില്‍ ആദ്യകാലം മുതല്‍ പ്രാധാന്യം നല്‍കിവരുന്നതെന്നും ഐഎഫ്എഫ്‌കെയുടെ രാഷ്ട്രീയ നിലപാടിന് അടിവരയിടുന്നതാണ് മുപ്പതാമത് രാജ്യാന്തര ചലച്ചിത്രോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം സിനിമകളുടെ പ്രദര്‍ശന വിലക്കിലൂടെ വലിയ പ്രതിസന്ധിയാണ് ഇത്തവണ സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായിരുന്നു അത്തരം പ്രവൃത്തികള്‍. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലമാണ് വിലക്കിയ 13 ചിത്രങ്ങള്‍ക്ക് പ്രദര്‍ശാനുമതി ലഭിച്ചത്. അടിച്ചമര്‍ത്തല്‍ എന്ന സംഘപരിവാര്‍ നയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ബീഫ്' എന്ന പേരുള്ള സ്പാനിഷ് സിനിമയുടെ പ്രദര്‍ശനം അവര്‍ നിഷേധിച്ചിരുന്നു. ബീഫ് എന്നാല്‍ സംഘപരിവാറിന് ഒരേയൊരു അര്‍ഥമേയുള്ളൂ. ആ കാരണം മുന്‍നിര്‍ത്തിയാണ് അവര്‍ ചലച്ചിത്രത്തിന് പ്രദര്‍ശാനുമതി നിഷേധിച്ചത്. ബീഫ് എന്ന ഭക്ഷണ പദാര്‍ഥവുമായി ഈ സിനിമയ്ക്ക് പുലബന്ധം പോലുമില്ലെന്ന് അവര്‍ക്ക് തിരിച്ചറിയാനാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സ്‌പെയിനിലെ ജനപ്രിയ സംഗീതമായ ഹിപ് ഹോപ്പുമായി ബന്ധപ്പെട്ട സിനിമയാണത്. സ്പാനിഷ് ഭാഷയില്‍ ബീഫ് എന്നാല്‍ പോരാട്ടം, കലഹം എന്നാണ് അര്‍ഥം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പരിഹാസ്യമാണെന്നും ആ ബീഫ് അല്ല ഈ ബീഫ് എന്ന് മനസിലായപ്പോഴാണ് ഇതുപോലുള്ള പല സിനിമകള്‍ക്കും അനുമതി ലഭിച്ചത്.
ലോക സിനിമയെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണം. പാലസ്തീന്‍ സിനിമകള്‍ക്ക് പ്രദര്‍ശാനുമതി നിഷേധിച്ചതോടെ പാലസ്തീന്‍-ഇസ്രയേല്‍ വിഷയത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അവര്‍ ഊന്നിപ്പറയുകയാണ് ചെയ്തത്. 2016, 2017 കാലഘട്ടങ്ങളില്‍ ഐഎഫ്എഫ്‌കെയില്‍ സുവര്‍ണ ചകോരം ലഭിച്ച സിനിമകളെയും ഇത്തവണ ഒഴിവാക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. അര്‍ജന്റീനിയന്‍ ചലച്ചിത്രകാരനായ സൊളാനസിനെപ്പോലെയുള്ള വിപ്ലവകാരികളായ ചലച്ചിത്രകാരന്മാരാണ് ഐഎഫ്എഫ്‌കെ എന്ന ചലച്ചിത്രോത്സവത്തിന്റെ ഊര്‍ജം.
വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ അജ്ഞതകൊണ്ട് മാത്രമാണ് ഇത്തവണത്തെ ഐഎഫ്എഫ്‌കെ പ്രതിസന്ധി കാലമായി മാറിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള ഒരു കടന്നുകയറ്റത്തിന് മുന്നിലും ഐഎഫ്എഫ്‌കെ മുട്ടുമടക്കില്ല. ഏതൊക്കെ ചലച്ചിത്ര പ്രവര്‍ത്തകര്‍ കേരളത്തിലേക്ക് വരണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ കൈകടത്തിത്തുടങ്ങി. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നടത്തി ചലച്ചിത്ര പ്രവര്‍ത്തകരെ ഇപ്പോള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ട സ്ഥിതി വിശേഷമാണുള്ളത്.
ഇത്തവണയും ചില രാജ്യങ്ങളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വിസ നിഷേധിക്കുന്ന നടപടിയുണ്ടായി. താനാണോ തന്റെ രാജ്യമാണോ നിങ്ങള്‍ക്ക് പ്രശ്‌നമെന്ന് ആ ചലച്ചിത്ര പ്രവര്‍ത്തകര്‍ പരസ്യമായി ചോദിക്കുകയുണ്ടായി. എത്രമാത്രം പരിഹാസ്യമായ കാര്യങ്ങളാണ് ഇതൊക്കെയെന്നും നമ്മളെയൊക്കെ നാണം കെടുത്തുന്ന നടപടിയാണിതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരുമായി നിങ്ങള്‍ സഹകരിക്കേണ്ട എന്ന ന്യായമാണ് കേന്ദ്രസര്‍ക്കാരിന്റേത്. നമ്മുടെ സാംസ്‌കാരിക ഇടങ്ങള്‍ തിരിച്ച് പിടിക്കുകയെന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വലിയ പ്രതിസന്ധിയെ അതിജീവിച്ചാണ് മുപ്പതാമത് രാജ്യാന്തര ചലച്ചിത്രോത്സവം വിജയമായതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേരളത്തിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് കൂച്ചുവിലങ്ങിട്ട് തകര്‍ക്കാനുള്ള ശ്രമം നടന്നു. ഒരു ഭീഷണിയുടെ മുന്നിലും മുട്ടുമടക്കുന്ന സ്വഭാവം കേരള സര്‍ക്കാരിനില്ല. തങ്ക ലിപികളാല്‍ കുറിച്ചിടേണ്ട ചരിത്ര രേഖയാണ് മുപ്പതാമത് രാജ്യാന്തര ചലച്ചിത്രോത്സവമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.