കൊച്ചി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്ക് കപ്പലിലെ നാല് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ത്ഥിച്ചു.
ഇവരുടെ മോചനത്തിനായി ശ്രമം തുടങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എം.എസ്.സി ഏരീയസ് എന്ന് കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ സൈന്യം പിടിച്ചെടുത്തത്.
അതിനിടെ കപ്പലിലെ മലയാളി യുവതി ആന്‍ ടെസ ജോസഫ് തൃശൂരുള്ള കുടുംബവുമായി സംസാരിച്ചു. മകള്‍ വിഡിയോ കോള്‍ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ് ബിജു എബ്രഹാം പറഞ്ഞു.
കപ്പലില്‍ ഉള്ള മറ്റുള്ളവരും സുരക്ഷിതരാണെന്നും ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടെന്നും ഒരാഴ്ച കൊണ്ട് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞതായി പിതാവ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ആന്‍ ടെസ കുടുംബവുമായി ബന്ധപ്പെട്ടത്.
തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആന്‍ ടെസ ജോസഫ് ട്രെയിനിങ്ങിന്റെ ഭാഗമായി ഒമ്പത് മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്നു.