'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്': 2029 മുതല്‍ നടപ്പിലാക്കുമെന്ന് അമിത് ഷാ

 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്': 2029 മുതല്‍ നടപ്പിലാക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: 2029 മുതല്‍ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ബിജെപി പ്രകടനപത്രികയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം പുതിയ കാര്യമല്ല. രണ്ട് പതിറ്റാണ്ടുകളായി ഈ രാജ്യത്ത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടന്നു.1971 ല്‍ ഇന്ദിരാഗാന്ധി ഇടക്കാല തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തപ്പോഴാണ് പ്രശ്നം ഉണ്ടായത്. ഇത് രാജ്യത്ത് തിരഞ്ഞെടുപ്പ് ഷെഡ്യൂളുകളുടെ പൊരുത്തക്കേടിലേക്ക് നയിച്ചു.

സംസ്ഥാന നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമോയെന്ന് പൊതുജനങ്ങള്‍ തീരുമാനിക്കണമെന്നും അദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുമായും ജഡ്ജിമാരുമായും നിയമ വിദഗ്ധരുമായും കൂടിയാലോചിച്ച ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദേശിച്ചു. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ അടുത്ത അഞ്ച് വര്‍ഷം രാജ്യത്തിന്റെ വികസനത്തിന് വേണ്ടി നീക്കിവെക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് ദേശസാല്‍ക്കരിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നു എന്ന വാദങ്ങളെയും അമിത് ഷാ തള്ളി. ഇവ അടിസ്ഥാനരഹിതമായ വാദങ്ങളാണ്. നിങ്ങള്‍ പൗരന്മാരെ വിലകുറച്ച് കാണിക്കുകയാണോയെന്നും അമിത് ഷാ പറഞ്ഞു. ഒന്നിലധികം തവണ തിരഞ്ഞെടുപ്പ് നടത്താന്‍ ചെലവഴിക്കുന്ന പണം ലാഭിക്കുന്നതിനും പൊതുജനങ്ങളുടെ സമയം ലാഭിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് അദേഹം പറഞ്ഞു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്തുടനീളം ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനെ സൂചിപ്പിക്കുന്നു. ലോക്സഭയിലേക്കും ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇതിനര്‍ത്ഥം.

നിലവില്‍ സംസ്ഥാന അസംബ്ലികളിലേക്കും ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് വെവ്വേറെയാണ് നടക്കുന്നത്. നിലവിലുള്ള സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി അവസാനിക്കുകയോ അല്ലെങ്കില്‍ വിവിധ കാരണങ്ങളാല്‍ പിരിച്ചുവിടുകയോ ചെയ്താലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.