വീട്ടില്‍ അറ്റകുറ്റപ്പണി; അമേഠിയില്‍ രാഹുല്‍ സ്ഥാനാര്‍ഥി ആയേക്കുമെന്ന് സൂചന

വീട്ടില്‍ അറ്റകുറ്റപ്പണി; അമേഠിയില്‍ രാഹുല്‍ സ്ഥാനാര്‍ഥി ആയേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അമേഠിയിലും മത്സരിച്ചേക്കുമെന്ന് സൂചന. ഗൗരീഗഞ്ചിലെ രാഹുലിന്റെ വസതിയുടെ നവീകരണ പ്രവര്‍ത്തനങ്ങളും ശുചീകരണവും ഊര്‍ജ്ജിതമാക്കിയതോടെ ഇത്തരമൊരു സൂചന പുറത്തുവന്നത്. ഇതു മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ നല്‍കുന്ന സൂചന.

വീടിന്റെ നവീകരണ വീഡിയോ പുറത്തു വന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം രാഹുലിന്റെ അമേഠിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. വീടിന്റെ നവീകരണം പതിവ് പ്രവര്‍ത്തനങ്ങളിലൊന്ന് മാത്രമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപക് സിങ് പറയുന്നത്.

രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും യഥാക്രമം അമേഠിയില്‍ നിന്നും റായ്ബറേലിയില്‍ നിന്നും മത്സരിക്കുമെന്നാണ് യുപിയിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിശബ്ദമായ പ്രചാരണം നടത്തുമ്പോള്‍, ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഗ്രാമഗ്രാമാന്തരങ്ങള്‍ കയറി വോട്ടു തേടുകയാണ്.

കേരളത്തിലെ വോട്ടെടുപ്പിന് ശേഷം അമേഠിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുള്ളത്. മെയ് 20 ന് അഞ്ചാം ഘട്ടത്തിലാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ തവണ അമേഠിയില്‍ രാഹുല്‍ ഗാന്ധി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.