'ജാതി സെന്‍സസ് എന്റെ ജീവിത ലക്ഷ്യം; കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പിലാക്കും': രാഹുല്‍ ഗാന്ധി

 'ജാതി സെന്‍സസ് എന്റെ ജീവിത ലക്ഷ്യം; കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പിലാക്കും': രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജാതി സെന്‍സസ് തന്റെ ജീവിത ലക്ഷ്യമാണെന്നും അത് തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ നടപടി ജാതി സെന്‍സസ് നടപ്പാക്കുക എന്നതായിരിക്കും.

സ്വാതന്ത്ര്യം, ഭരണഘടന, ധവള വിപ്ലവം തുടങ്ങിയ കോണ്‍ഗ്രസിന്റ വിപ്ലവ തീരുമാനങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ജാതി സെന്‍സസെന്നും ഡല്‍ഹിയില്‍ നടന്ന 'സാമാജിക് ന്യായ് സമ്മേളന'ത്തില്‍ രാഹുല്‍ വ്യക്തമാക്കി.

'അനീതി അനുഭവിച്ച 90 ശതമാനം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കുക എന്നത് എന്റെ ജീവിത ലക്ഷ്യമാണ്. ജാതി സെന്‍സസ് എനിക്ക് രാഷ്ട്രീയമല്ല, അത് എന്റെ ജീവിത ലക്ഷ്യമാണ്, ഞാന്‍ അത് ഉപേക്ഷിക്കില്ല. ജാതി സെന്‍സസ് തടയാന്‍ ഒരു അധികാര ശക്തിക്കും കഴിയില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ ആദ്യം ജാതി സെന്‍സസ് നടത്തും. ഇതാണ് എന്റെ ഗ്യാരണ്ടി'- രാഹുല്‍ പറഞ്ഞു.

ദളിത്, ഒബിസി, പിന്നോക്ക വിഭാഗകക്കാര്‍ ഉള്‍പ്പെടെ ഇന്ന് രാജ്യത്തെ 90 ശതമാനത്തോളം പേരും അനീതി നേരിടുന്നു. 22 അതിസമ്പന്നര്‍ക്ക് പ്രധാനമന്ത്രി മോഡി നല്‍കിയ പണത്തിലെ ചെറിയൊരു പങ്ക് 90 ശതമാനത്തിന് നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും രാഹുല്‍ വിശദീകരിച്ചു.

കോണ്‍ഗ്രസിന്റെ വിപ്ലവകരമായ പ്രകടന പത്രിക കണ്ട് പ്രധനമന്ത്രി പരിഭ്രാന്തനായിരിക്കുകയാണ്. രാജ്യത്തിന്റെ എക്‌സ്‌റേ എടുക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. രാജ്യസ്‌നേഹിയെന്ന് അവകാശപ്പെടുന്നവര്‍ എക്‌സറെയെ ഭയപ്പെടുന്നു. ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെ ഒബിസിയാകുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.