ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ മേഖലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേതെന്ന് തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശിനിയും കോയമ്പത്തൂരില്‍ സ്ഥിരതാമസവുമാക്കിയ രേഷ്മിയാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു യുവതി.
റെയില്‍വേ സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുളള മുറിയിലുളള ഇരുമ്പ് കട്ടിലിന്റെ കൈപ്പിടിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടത്. യുവതിക്ക് ചുറ്റും പണം വലിച്ചെറിഞ്ഞതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രേഷ്മി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
മാതാവ് മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ യുവതി വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് യുവതി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. യാത്രക്കാര്‍ക്ക് പ്രവേശനമില്ലാത്ത ഉദ്യോഗസ്ഥരുടെ മുറിയിലേക്ക് യുവതി കയറിപ്പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രേഷ്മിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.