ഓക്‌ലാന്‍ഡ്: ന്യൂസീലന്‍ഡ് മലയാളികളെ നൊമ്പരപ്പെടുത്തി ദുരന്ത വാര്‍ത്ത. ന്യൂസീലന്‍ഡിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഫാങ്കരയിലെ കടലിടുക്കില്‍ റോക് ഫിഷിങ്ങിനിടെ രണ്ട് മലയാളി യുവാക്കളെ കാണാതായി. മൂവാറ്റുപുഴ ചെമ്പകത്തിനാല്‍ ഫെര്‍സില്‍ ബാബു (36), ആലപ്പുഴ നെടുമുടി സ്വദേശി ശശി നിവാസില്‍ ശരത് കുമാര്‍ (37) എന്നിവരെയാണ് കാണാതായത്. മരിച്ച ശരതിന്റെ മൃതദേഹം കണ്ടെത്തി. ഫെര്‍സിലിനായുള്ള തിരച്ചില്‍ തുടരുകയാണ്.
ന്യൂസീലന്‍ഡില്‍ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലോടെയാണ് വിനോദത്തിനായി റോക് ഫിഷിങ് നടത്തുന്നതിന് ഫാങ്കരയിലെത്തിയത്. രാത്രി വൈകിയും ഇരുവരും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നോര്‍ത്ത് ലാന്‍ഡ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു.
ഇവരുടെ വാഹനവും മൊബൈല്‍ ഫോണ്‍, ഷൂസ് എന്നിവ കടല്‍ത്തീരത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഹെലികോപ്റ്ററിലും കടലില്‍ പരിശോധന നടത്തിയിരുന്നു. ഫെര്‍സിലും ശരത്തും കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലെ സെന്‍ട്രല്‍ ഫാങ്കരയിലേക്ക് അടുത്തിടെയാണ് താമസം മാറിയത്. മരിച്ച ശരത്തിന് അഞ്ച് വയസുള്ള കുട്ടിയും ഫെര്‍സിലിന് നാല് മാസമായ കുട്ടിയും ഉണ്ട്. ഇരുവരുടേയും കുടുംബങ്ങള്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു.
കടലിനോടു ചേര്‍ന്നുള്ള പാറക്കെട്ടുകളിലും കുത്തനെയുള്ള കല്ലിടുക്കുകളിലും സാഹസികമായി നടത്തുന്ന മീന്‍പിടിത്തമാണ് റോക്ക് ഫിഷിങ്. ഓസ്‌ട്രേലിയയിലും മറ്റും അപകടകരമായ വിനോദമായാണ് ഇതിനെ കണക്കാക്കുന്നത്.