22 കോടി കിലോമീറ്റര്‍ അകലെ ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ലേസര്‍ സിഗ്‌നല്‍; ഉറവിടം വെളിപ്പെടുത്തി നാസ

22 കോടി കിലോമീറ്റര്‍ അകലെ ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ലേസര്‍ സിഗ്‌നല്‍; ഉറവിടം വെളിപ്പെടുത്തി നാസ

ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് നിന്ന് ഭൂമിയില്‍ ലഭിച്ച ലേസര്‍ സന്ദേശത്തിന്റെ ഉറവിടം വ്യക്തമാക്കി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഏകദേശം 140 ദശലക്ഷം മൈല്‍ അകലെ നിന്നാണ് ഭൂമിയിലേക്ക് സന്ദേശം ലഭിച്ചത്. അപ്രതീക്ഷിതമായ സന്ദേശം ബഹിരാകാശ ഗവേഷകരെ ഞെട്ടിച്ചു. ഇപ്പോള്‍ നാസ തന്നെ ഇതിന് പിന്നിലെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

നാസയുടെ തന്നെ ബഹിരാകാശ പേടകമായ 'സൈക്കിയില്‍' നിന്നാണ് ഈ ലേസര്‍ സിഗ്‌നല്‍ ഉത്ഭവിച്ചിരിക്കുന്നത്. ദൂരെ നിന്ന് ലേസര്‍ ആശയവിനിമയം സാദ്ധ്യമാക്കാനായി ഡീപ് സ്പേസ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍സ് (ഡിഎസ്ഒസി) സിസ്റ്റം സൈക്കിയില്‍ സജ്ജീകരിച്ചിരുന്നു. ഇത് ബഹിരാകാശത്ത് കൂടുതല്‍ ദൂരങ്ങളിലേക്ക് ലേസര്‍ വഴിയുള്ള ആശയവിനിമയം സാധ്യമാക്കാന്‍ സഹായിക്കുന്നു. നിലവിലുള്ള രീതികളേക്കാള്‍ മികച്ചതും വേഗതയേറിയതുമായ ആശയവിനിമയ സാങ്കേതികവിദ്യയാണ് ഡിഎസ്ഒസി.

സൈക്കി പ്രാഥമികമായി റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ചുകൊണ്ടുള്ള ആശയവിനിമയമാണ് നടത്തുന്നത്. എങ്കിലും ഡിഎസ്ഒസി സാങ്കേതികവിദ്യ മുന്‍പും ആശയ വിനിമയത്തിലുള്ള കഴിവ് തെളിയിച്ചതാണ്. പരീക്ഷണത്തിന്റെ ഭാഗമായാണ് 140 ദശലക്ഷം മൈല്‍ അകലെ നിന്നുള്ള എന്‍ജിനീയറിങ് ഡാറ്റ ഡിഎസ്ഒസി വിജയകരമായി കൈമാറിയത്. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ 1.5 മടങ്ങാണിത്.

ഏപ്രില്‍ എട്ടിന് ബഹിരാകാശ പേടകങ്ങളില്‍ നിന്നുള്ള 10 മിനിറ്റോളമുള്ള ഡ്യൂപ്ലിക്കേറ്റഡ് ഡാറ്റ, ഡൗണ്‍ലിങ്ക് ചെയ്യാന്‍ സാധിച്ചതായി സതേണ്‍ കാലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ (ജെപിഎല്‍) ഓപ്പറേഷന്‍ തലവനായ മീര ശ്രീനിവാസന്‍ പറഞ്ഞു. ഈ ഡാറ്റ ലേസര്‍ കമ്മ്യൂണിക്കേഷന്‍ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. പരമ്പരാഗത രീതികളേക്കാള്‍ ലേസര്‍ ആശയവിനിമയത്തിന്റെ കഴിവ് എത്രത്തോളമാണ് എന്ന് അളക്കുകയായിരുന്നു ലക്ഷ്യം.

ഏപ്രില്‍ 8-ന് നടന്ന പരീക്ഷണത്തിനിടെ പരമാവധി 25 എംബിപിഎസില്‍ പേടകം ടെസ്റ്റ് ഡാറ്റ വിജയകരമായി കൈമാറ്റം ചെയ്തിരുന്നു. കുറഞ്ഞത് സെക്കന്റില്‍ ഒരു എംബിയായിരുന്നു പ്രോജക്റ്റിന്റെ ലക്ഷ്യം. എന്നാല്‍ പരീക്ഷണത്തിന്റെ വിജയം പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണ് സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത് എന്ന് സൂചിപ്പിക്കുന്നതാണ്.

എന്താണ് സൈക്കി?

സൈക്കി എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള നാസയുടെ ബഹിരാകാശ പേടകമാണ് ഛിന്നഗ്രഹത്തിന്റെ തന്നെ പേരിലുള്ള സൈക്കി. 2023 ഒക്ടോബറിലാണ് നാസ ബഹിരാകാശ പേടകം അയക്കുന്നത്. ഏതാണ്ട് 280 കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സൈക്കി എന്ന ഛിന്നഗ്രഹം അമൂല്യങ്ങളായ ധാതുക്കളാല്‍ സമ്പന്നമാണെന്നാണ് കരുതപ്പെടുന്നത്.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലെ ഛിന്നഗ്രഹ കൂട്ടത്തിലാണ് സൈക്കിയുടെ സ്ഥാനം. സൈക്കി എന്ന ഛിന്നഗ്രഹത്തെ പഠിക്കുക കൂടാതെ ബഹിരാകാശത്തെ ലേസര്‍ ആശയവിനിമയങ്ങള്‍ പരീക്ഷിക്കുക എന്നതും പേടകത്തിന്റെ ലക്ഷ്യമായിരുന്നു. 2027 ഒക്ടോബറോടെ സൈക്കി ദൗത്യം പൂര്‍ണമാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.